മാവേലിക്കര: കെട്ടുകാഴ്ച കുതിര അഴിക്കുന്നതിനിടെ, കുതിരയുടെ 45 അടി ഉയരത്തിൽ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ച്ച അഴിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പ്രഭട ഇറക്കുന്നതിനിടെ കുറുകെയുള്ള അമണ്ടം ഒടിഞ്ഞ് കരക്കാരനായ കൃഷ്ണൻകുട്ടിയുടെ (62) കാലിൽ വന്ന് അടിച്ച് വടത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. കരക്കാർ ഇദ്ദേഹത്തെ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അര മണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. സീനിയർ ഫയർമാൻ മനോജ് കുമാർ, ഷമീർ എന്നിവർ ചേർന്നാണ് നെറ്റിനുള്ളിലാക്കി വടത്തിൽ കെട്ടി താഴെയിറക്കിയത്. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ താഹ, അസി.സ്റ്റേഷൻ ഓഫീസർ പ്രവീൺ കുമാർ, ഫയർമാൻ ഡ്രൈവർ വി.ശിവപ്രസാദ്, ഫയർമാൻ രാജേഷ്, സുജിത്ത് നായർ, വിനീത്, ഹോംഗാർഡ് കോശി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. കാലിന് പരിക്കേറ്റ കൃഷ്ണൻകുട്ടിയെ തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.