ചേർത്തല: വടക്കാട്ട് വിശ്വനാഥ ക്ഷേത്രം റോഡ് ഉത്സവ നാളുകളിൽ പൊളിച്ചിട്ടത് ഭക്തർക്ക് ദുരിതമായെന്ന് പരാതി.
കഴിഞ്ഞ 28ന് ആരംഭിച്ച ഉത്സവം ഇന്ന് ആറാട്ടോടെ അവസാനിക്കും. ഉത്സവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് പുനർ നിർമ്മാണത്തിനായി റോഡ് പൊളിച്ചത്. ഉത്സവ പരിപാടികൾ ആരംഭിക്കുമ്പോൾ നിർമ്മാണം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ നിർമ്മാണം ആരംഭിച്ച നിലയിൽത്തന്നെ ഇപ്പോഴും തുടരുകയാണ്. ക്ഷേത്രത്തിലെ ആറാട്ട് ഉൾപ്പെടെ കടന്നു പോകുന്നറോഡാണിത്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.വാർഡ് കൗൺസിലർക്കെതിരെ പൗരസമിതിയുടെ പേരിൽ പോസ്റ്റർ പ്രചാരണവും നടന്നു. മുൻ മുനിസിപ്പൽ ചെയർമാൻ ഐസക് മാടവനയാണ് ഇവിടത്തെ വാർഡ് കൺസിലർ. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് നഗരസഭ അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്.