ചേർത്തല: രാത്രിയിൽ നടത്തിയ വാഹന പരിശോധന ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥനെ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ പരാതിക്കാരൻ പൊലീസിനെതിരെ നിയമ നടപടികളിലേക്ക്. എറണാകുളത്ത് പി.എസ്.സി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നഗരസഭ അഞ്ചാംവാർഡ് ഇല്ലിക്കൽ രമേഷ്.എസ്.കമ്മത്തിനാണ് (52) മർദ്ദനമേ​റ്റത്.

പൊലീസിന്റെ വീഴ്ച കാര്യമാക്കാതെ പരാതിക്കാരനെതിരെയുള്ള കേസ് വേഗത്തിലാക്കി കോടതിൽ ചാർജ്ജ് ഷീ​റ്റ് സമർപ്പിച്ചിരിക്കുകയാണ്. പരിശോധന നടത്തിയത് മൊബൈൽ ഫോണിൽ രമേഷ് പകർത്താൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. അക്രമത്തിൽ രമേഷിന്റെ കണ്ണിനു പരിക്കേൽക്കുകയും ചെറുപ്പത്തിൽത്തന്നെ മാറ്റി വെച്ചിരുന്ന പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്ന്പി.എസ്.സി ചെയർമാനടക്കം ഇടപെട്ട് ഡി.ജി.പിക്ക് പരാതി നൽകി. ഉന്നതതല അന്വേഷണത്തിലാണ് പൊലീസിന്റെ വീഴ്ച കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഡ്രൈവർ സുധീഷിനെ സസ്‌പെൻഡു ചെയ്തു. എ.എസ്.ഐ അടക്കം വകുപ്പുതല നടപടിക്ക് ശുപാർശയും നൽകിയിരുന്നു. സസ്‌പെൻഷൻ ഏതാനും ദിവസങ്ങൾക്കകം പിൻവലിച്ച ശേഷം ഇയാളെ എ.ആർ ക്യാമ്പിലേക്ക് മാ​റ്റി. രമേഷ് നൽകിയ പരാതിയിൽ ഇടപെട്ട മനുഷ്യാവകാശ കമ്മിഷൻ 27ന് നടക്കുന്ന സി​റ്റിംഗിൽ നേരിട്ട് ഹാജരാകാൻ പൊലീസ് ഡ്രൈവർക്ക് നോട്ടീസും നൽകി.