ചേർത്തല: അർത്തുങ്കൽ- വേളാങ്കണ്ണി കെ.എസ്.ആർ.ടി.സി സർവീസ് രണ്ട് ദിവസമായി നിലച്ചതിനാൽ യാത്രക്കാർ ദുരിതത്തിൽ. വൈകിട്ട് 3.45 ന് ചേർത്തലയിൽ നിന്ന് പുറപ്പെട്ട് അർത്തുങ്കലിൽ എത്തി പാലക്കാട്, കരൂർ, ട്രിച്ചി, തഞ്ചാവൂർ വഴി രാവിലെ 8.30 ന് വേളാങ്കണ്ണിയിലെത്തുന്ന തരത്തിലായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്.

വൈകിട്ട് 5.30 ന് ഇവിടെ നിന്ന് തിരിക്കുന്ന സർവീസ് പി​റ്റേന്ന് രാവിലെ 9.45 ന് ചേർത്തലയിൽ എത്തിയിരുന്നു. ശരാശരി 25,000 രൂപ കളക്ഷൻ ലഭിച്ചിരുന്ന സർവീസ് ചേർത്തലയിൽ നിന്ന് തമിഴ്‌നാട്ടിലെ മ​റ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും ഏറെ പ്രയോജനകരമായിരുന്നു. ആറ് മാസം മുൻപ് അർത്തുങ്കലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്റി എ.കെ.ശശീന്ദ്രനാണ് പിൽഗ്രിം റൈഡർ എന്ന പേരിൽ ആരംഭിച്ച സർവീസ് ഉദ്ഘാടനം ചെയ്തത്. റിസർവേഷൻ ഇല്ലാത്തതിനാലും തുടർച്ചയായി 1300 കിലോമീ​റ്റർ സഞ്ചരിക്കുന്ന ബസിന്റെ അ​റ്റകു​റ്റപ്പണി പൂർത്തിയാക്കാനുള്ളതിനാലുമാണ് സർവീസ് മുടങ്ങിയതെന്നും അടിയന്തരമായി പുനരാരംഭിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.