ചേർത്തല: തിരുവിഴ ഗവ. എൽ.പി സ്‌കൂളിൽ നടന്ന പ്രവേശന മേളയിൽ ഒന്നാം ക്ലാസിൽ ഒന്നര മണിക്കൂറിനുള്ളിൽ ചേർന്നത് 103 വിദ്യാർത്ഥികൾ, പ്രീ പ്രൈമറിയിൽ 106 കുട്ടികളും.
2014-15 ൽ ഇവിടെ ഒന്നാം ക്ലാസിൽ 65 കുട്ടികളാണുണ്ടായിരുന്നത്. 100 കുട്ടികളെ ചേർക്കാൻ കഴിയുമോയെന്ന് അന്നും പിന്നീടും സ്‌കൂൾ സന്ദർശിച്ച സ്ഥലം എം.എൽ.എയും മന്ത്റിയുമായ തോമസ് ഐസക് അദ്ധ്യാപകരോടും പി.ടി.എ ഭാരവാഹികളോടുമായി ചോദിച്ചിരുന്നു. മൂന്നു, നാലു വർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി അദ്ധ്യാപകർ പറഞ്ഞു. നിലവിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 74 കുട്ടികളാണ് പഠിക്കുന്നത്. യു.കെ.ജി യിൽ പഠിക്കുന്ന 89 കുട്ടികളെ കൂടാതെ പുതിയതായി 14 കുട്ടികൾ കൂടി അടുത്ത അദ്ധ്യയന വർഷം ഒന്നാം ക്ലാസിൽ ചേരാനെത്തി. ഇതോടെ രണ്ട് ഡിവിഷനുകൾ മൂന്നാകും.പ്രീ പ്രൈമറി യിൽ 106 കുട്ടികളുമായി. മൂന്നു മാസത്തിനുള്ളിൽ ഇനിയും കുട്ടികളുടെ എണ്ണം വർദ്ധിക്കും.നിലവിൽ 444 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.