ബൈക്കിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശനനടപടിയെന്ന് അധികൃതർ
ആലപ്പുഴ : രൂപമാറ്റം വരുത്തിയ ബൈക്കുമായി ചെത്തിപ്പായുന്ന ഫ്രീക്കൻമാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ കണ്ണുകൾ പിന്നാലെയുണ്ട്. പിടിവീണാൽ അയ്യായിരം രൂപ പിഴയടച്ചൂരുകയേ വഴിയുള്ളൂ.രൂപമാറ്റം വരുത്തുന്ന ബൈക്കുകളുടെ എണ്ണം ജില്ലയിൽ വൻതോതിൽ വർദ്ധിക്കുന്നതായാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.
സൈലൻസർ, ഹാൻഡിൽ, റിമ്മുകൾ, ടയർ എന്നിവയിലാണു പ്രധാനമായും മാറ്റം വരുത്തുന്നത്. പഴയ വാഹനങ്ങൾ വിലയ്ക്ക് എടുത്ത് പുതു മോടിയിലാക്കുന്നവരാണ് കണക്കിൽ കൂടുതൽ . നഗരത്തിലൂടെ ചീറിപ്പായുന്ന ബൈക്കുകളുടെ സൈഡ് സ്റ്റാൻഡ് ഓട്ടത്തിനിടയിൽ ചവിട്ടിത്താഴ്ത്തി റോഡിൽ ഉരച്ച് തീപ്പൊരി തെറിപ്പിക്കുന്ന വിരുതൻമാരുമുണ്ട്. രൂപമാറ്റം വരുത്തുന്നത് കണ്ടെത്തിയാൽ ഓരോ കുറ്റത്തിനും 5000 രൂപ വീതവും ശബ്ദ മലിനീകരണത്തിനു 2000 രൂപയുമാണ് പിഴ ഈടാക്കുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള 50 കേസുകൾ വരെ ദിനംപ്രതി മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
താക്കീത് നൽകിയിട്ടും അനുസരണയില്ലാത്തവരുടെ ബൈക്കിന്റെ സൈലൻസർ ഉൗരി മാറ്റും. 20 നും 25നും വയസിനിടയിലുള്ളവരാണ് ബൈക്കിൽ രൂപമാറ്റം വരുത്തുന്നവരിൽ കൂടുതലും. കമ്പനികൾ നിർദ്ദേശിക്കുന്ന അളവിൽ കൂടുതൽ രൂപം മാറ്റിയാൽ അപകടങ്ങളും വർദ്ധിക്കുമെന്നതാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പരിശോധനയിൽ കുടുങ്ങുന്നവർ
ഒരു ദിവസം (ശരാശരി) : 50പേർ
പിഴ: 5000
ബൈക്കിന്റെ രൂപംമാറ്റം
ബൈക്കുകളുടെ ശബ്ദത്തിന്റെ അളവ് സാധാരണ 80 ഡെസിബെലാണ്. എന്നാൽ രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിക്കുന്നതോടെ ഇത് 125 മുതൽ 140വരെ എത്തും
ഹാൻഡിലിന്റെ നീളം, ഭാരം എന്നിവ ബൈക്കിന് ആനുപാതികമായാണു കമ്പനികൾ നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള ഹാൻഡിൽ മാറ്റി ഇഷ്ടാനുസരണമുള്ളവ ഘടിപ്പിക്കുന്നത് അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കും.
രൂപംമാറ്റിയ ബൈക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു.
.......
'' കോളേജ് വിദ്യാർത്ഥികളാണ് ബൈക്കുകളിൽ രൂപം മാറ്റമുണ്ടാക്കി ഉപയോഗിക്കുന്നവരിൽ കൂടുതൽ. പിഴ ഇൗടാക്കലല്ല സുരക്ഷിതത്വമാണ് പരിശോധനയുടെ ഉദ്ദേശം.
(മോട്ടോർവാഹന വകുപ്പ് അധികൃതർ)