97-ാം നമ്പർ ലെവൽ ക്രോസ് സ്ഥിരമായി അടയ്ക്കാൻ തീരുമാനം
പ്രദേശവാസികളുടെ പന്തൽകെട്ടി സമരം 12 നാൾ പിന്നിടുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴ, തകഴി റെയിൽവെ സ്റ്റേഷനുകൾക്കു മദ്ധ്യേയുള്ള കരുമാടി ഗുരുമന്ദിരം 97-ാം നമ്പർ ലെവൽ ക്രോസ് സ്ഥിരമായി അടയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ പന്തൽ കെട്ടി സമരം തുടങ്ങിയിട്ട് 12 ദിനങ്ങൾ പിന്നിടുന്നു. സമരക്കാരെയോ സമര വിഷയമോ ഗൗനിക്കാത്ത റെയിൽവേ നിലപാടിനെതിരെ രോഷം കനക്കുന്നുണ്ട്.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ മൂന്നു മുതൽ ആറുവരെ വാർഡുകളിലെ 600 ഓളം കുടുംബങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതാണ് തീരുമാനം. പ്രദേശത്തെ ഉയർന്നതും വീതി കൂടിയതുമായ റോഡിലേക്കുള്ള വഴിയാണ് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നിന്നു ഈ ലെവൽ ക്രോസിൽക്കൂടി ഉള്ളത്. പ്രളയകാലത്ത് കഞ്ഞിപ്പാടം, വൈശ്യംഭാഗം തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചത് ഈ റോഡിലൂടെ ആയിരുന്നു. ദുരന്തനിവാരണ ഗ്രൂപ്പ് റോഡിന്റെ പ്രത്യേകതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി കളക്ടർക്ക് കത്തുനൽകിയിട്ടുമുണ്ട്.
......................................................
ഗേറ്റ് അടച്ചാൽ രണ്ടു കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കേണ്ടി വരും
ഇത് സ്കൂൾ വിദ്യാർത്ഥികളെയും രോഗികളെയും ഏറെ ദുരിതത്തിലാക്കും
റെയിൽവേയുടെ പാരലൽ റോഡിന് പലേടത്തും വീതിയില്ല
ആംബുലൻസിനോ അഗ്നിശമന സേനയ്ക്കോ എത്താനാവില്ല
നിരവധി പാടശേഖരങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും പ്രദേശത്തുണ്ട്
ഇതോടെ തൊഴിലാളികളെയും ബാധിക്കുന്ന പ്രശ്നമായി
ലെവൽ ക്രോസ് അടച്ചാൽ കൊയ്ത്തുയന്ത്രം എത്തിക്കാനാവില്ല
കൊയ്ത നെല്ല് സംസ്ഥാന പാതയിലേക്ക് തലച്ചുമടായി എത്തിക്കേണ്ടിവരും
സമരം ശക്തമാകും
ലെവൽ ക്രോസിൽ നിന്നു 16 കി.മീറ്റർ സഞ്ചരിച്ചാൽ കുട്ടനാട്ടിലെ മങ്കൊമ്പിലും, 6 കി.മീറ്റർ സഞ്ചരിച്ചാൽ നെടുമുടിയിലുമെത്താം. ദേശീയപാതയിൽ തടസമുണ്ടാകുമ്പോൾ വാഹനങ്ങൾ പോകുന്നത് ഇതുവഴിയാണ്. കളക്ടർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ലെവൽ ക്രോസ് അടച്ചാൽ ബാക്കിയുള്ള പ്രദേശം സഞ്ചാര സൗകര്യമില്ലാതെ ദ്വീപായി മാറുമെന്നാണ് സമരസമിതി പറയുന്നത്. സ്കൂൾ ബസുകൾ വരാതാകുന്നതോടെ വിദ്യാർത്ഥികൾ വലയും. തങ്ങൾ മാറിത്താമസിക്കേണ്ട അവസ്ഥയിലായെന്ന് രോഗികളുള്ള വീട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും.