അമ്പലപ്പുഴ:കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത അദ്ധ്യാപികയുടെ പണം കവർന്ന രണ്ട് സ്ത്രീകൾ പിടിയിൽ. പാലക്കാട് സ്വദേശിനികളായ മല്ലിക, ദൈവാണി എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ ഹരിപ്പാട്ടു നിന്ന് ബസിൽ കയറിയ അദ്ധ്യാപിക കരുവാറ്റയിൽ ഇറങ്ങിയപ്പോൾ ബാഗിന്റെ സിബ്ബ് പൊട്ടിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ ഇതിൽ സൂക്ഷിച്ചിരുന്ന ഒമ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഉടൻ ഒരു ഓട്ടോറിക്ഷയിൽ പിന്തുടർന്ന് തോട്ടപ്പള്ളിയിൽ വച്ച് ബസ് തടഞ്ഞു.വിവരം അമ്പലപ്പുഴ പൊലീസിനെയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ബസിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് പണം കണ്ടെത്തിയത്. അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും പിന്നീട് ഹരിപ്പാട് പൊലീസിനു കൈമാറി.