അമ്പലപ്പുഴ: ചേർത്തലയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന സ്വകാര്യ ആംബുലൻസിൽ സ്വകാര്യ ബസിടിച്ച് ആംബുലൻസ് ഡ്രൈവർ ആലപ്പുഴ പാതിരപ്പള്ളി വെളിയിൽ വീട്ടിൽ ജോസഫിന്റെ മകൻ ജോമോൻ, ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന, രോഗിയുടെ ബന്ധു ചേർത്തല തിരുനെല്ലൂർ ആകതോട് വെളിയിൽ കുമാരന്റെ മകൻ സാബു (52) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിക്ക് പരിക്കൊന്നും പറ്റിയില്ല.
ഇന്നലെ രാവിലെ 8.40 ഓടെ ദേശീയ പാതയിൽ അറവുകാട് പോളിടെക്നിക്കിന് സമീപത്തായിരുന്നു അപകടം. ഇരട്ടക്കുളങ്ങരയിൽ നിന്നു ആലപ്പുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.