കറ്റാനം: മികച്ച അങ്കണവാടിക്കുള്ള ജില്ലാ പുരസ്കാരം ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന പതിനേഴാം നമ്പർ അങ്കണവാടിക്ക് ലഭിച്ചു . ഭൗതിക സാഹചര്യം, ജനപങ്കാളിത്തം വയോജനങ്ങൾ കൗമാരപ്രായക്കാർ അമ്മമാർ എന്നിവർക്കായി നടത്തുന്ന ആരോഗ്യപരിരക്ഷാ പരിപാടികൾ, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, ശുചിത്വം ,വിശാലവും കാര്യക്ഷമവുമായ പ്രീ സ്കൂൾ പഠനം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. ശ്രീമന്ദിരത്തിൽ ശ്രീധരൻനായർ - സുകുമാരിയമ്മ എന്നിവർ സംഭാവന ചെയ്ത സ്ഥലത്താണ് ഇരുനില കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം കെട്ടിടത്തിന് വന്നുപോയിട്ടുള്ള പോരായ്മകൾ പരിഹരിക്കാൻ അവാർഡ് തുക ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ വർക്കറായി ആർ. അമ്പിളി, താൽക്കാലിക ഹെൽപ്പർ ആയി നദീറാബീവി എന്നിവർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.