ആലപ്പുഴ: നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടാനുള്ള നടപടികൾ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ആരംഭിച്ചു. ഉടമകൾ ഇല്ലാത്ത 20 കടകൾ പൊളിച്ചുനീക്കി. റോഡിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുള്ളതും അനുമതി ഇല്ലാത്തതുമായ കടകളാണ് പൊളിച്ചുനീക്കിതുടങ്ങിയത്.
കല്ലുപാലം മുതൽ കൈതവന വരെയുള്ള ഭാഗങ്ങളിലെ കടകളിലാണ് ആദ്യഘട്ടത്തിൽ പരിശോധനയും നോട്ടീസ് നൽകലും നടന്നത്. അനധികൃതമായ കടകൾ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ വ്യക്തമായ കാരണം കാണിക്കണമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. 18 കടകൾക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. റോഡിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുള്ള, സ്ഥിരം കടകളുടെ ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. റോഡരികിലുള്ള തടികൾ, റിംഗുകൾ, ഫ്ളക്സുകൾ തുടങ്ങിയവയും നീക്കം ചെയ്തു. യാത്രക്കാർ നിരന്തരം പരാതി പറയാറുണ്ടെന്നും അതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.