ഹരിപ്പാട്: നിയോജകമണ്ഡലത്തിൽ നടക്കുന്നതും ആരംഭിക്കാനുള്ളതുമായ പ്രവൃത്തികളുമായി ബന്ധപ്പെട്ട അവലോകനം നിയസമസഭാ മന്ദിരത്തിലെ 5 ഡി കോൺഫറൻസ് ഹാളിൽ നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേർത്ത ചീഫ് എൻജിനീയർമാരുടെ യോഗത്തിലെ തീരുമാനങ്ങൾ...
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടപ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ സഹകരണത്തോടെ ദേശീയ ജൽ ജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഹരിപ്പാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാന്നാറിലെ മുല്ലശ്ശേരികടവിൽ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പള്ളിപ്പാട്ടേക്കുള്ള വിതരണ ശൃംഖലയുടെ ഭാഗമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ മാർച്ച് 25നുള്ളിൽ തയ്യാറാകും. ഒന്നാം ഘട്ടപ്രവർത്തനങ്ങൾ അവസാനിക്കുന്ന ക്രമത്തിൽത്തന്നെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കും
ആറാട്ടുപുഴ കിഴക്കേക്കര മേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ അനുവദിച്ചിട്ടുള്ള 80 കോടിയുടെ കടൽഭിത്തി / പുലിമുട്ട് പ്രോജക്ടിന്റെ പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ ചർച്ചകൾ ഈ ആഴ്ച നടക്കുമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു
പാനൂർക്കര ഗവ എൽ.പി.എസ്, നങ്ങ്യാർകുളങ്ങര ഗവ.യു.പി.എസ്, തൃക്കുന്നപ്പുഴ ഗവ.എൽ.പി.എസ് എന്നിവയുടെ ടെൻഡർ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ പി.ഡബ്ലിയു.ഡി ബിൽഡിംഗ്സ് വിഭാഗം നടപടി സ്വീകരിക്കും.
വലിയഴീക്കൽ ഹാർബറിന്റെ ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ രണ്ടാഴ്ച്ചക്കുള്ളിൽ ആരംഭിക്കുമെന്ന് ഹാർബർ എൻജിനീയറിംഗ് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കരാറുകാർ ഉപേക്ഷിച്ചതുമൂലം നിർമ്മാണം നിറുത്തിവച്ച കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ റീടെൻഡർ അടുത്ത ആഴ്ച്ച നടത്തും. മുടങ്ങിക്കിടക്കുന്ന ആയാപറമ്പ് ഹൈസ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ നിന്നു തെക്കോട്ട് 500 മീറ്റർ ഭാഗം കൂടി റോഡും, കടൽഭിത്തിയും തമ്മിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി ഇറിഗേഷൻ- പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ മംഗലം എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
ഹരിതം ഹരിപ്പാട് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തതായും, രണ്ടാം ഘട്ടത്തിനുള്ള എസ്റ്റിമേറ്റ് റിപ്പോർട്ട് ആർ.കെ.വി.വൈ പദ്ധതി പ്രകാരം സമർപ്പിച്ചെന്നും കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ അറിയിച്ചു
ഹരിപ്പാട് ഫയർസ്റ്റേഷന് പുതിയ കെട്ടിടത്തിനുള്ള രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും നിർവ്വഹണപ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്നും ജില്ലാഫയർ ഓഫീസർ അറിയിച്ചു
വലിയഴീക്കൽ പാലത്തിന്റെ തെക്ക് വശത്തുള്ള റോഡിന്റെ വളവ് ഒഴിവാക്കാൻ റോഡിന്റെ അലൈൻമെന്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
പള്ളിപ്പാട് കൊടുന്താർ മേൽപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിന് മുമ്പായി പാടശേഖരസമിതിയുമായി ആലോചിക്കും