തുറവൂർ:കുത്തിയതോട് പഞ്ചായത്ത് കെട്ടിടത്തിലെ ജനറേറ്ററിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഭയപ്പെട്ട് ഒന്നാം നിലയിൽ നിന്ന് ജനാല വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരിക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രാവിലെ മുതൽ വൈദ്യുതി നിലച്ചതിനാൽ തുടർച്ചയായി ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. മൂന്നരയോടെ ജനറേറ്ററിൽ നിന്ന് പുക ഉയർന്ന് ജനറേറ്റർ മുറിയുടെ മുകളിലെ ഓഫീസിലെത്തി. ഈ സമയം ഇവിടെയുണ്ടായിരുന്ന സി.ഡി.എസ് ഓഫീസിലെ അക്കൗണ്ടന്റ് ധന്യ ഭയപ്പെട്ട് ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് വീണ് പരിക്കേറ്റത്. ഇരു കൈകൾക്കും സാരമായി പരിക്കേറ്റ ഇവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം പഞ്ചായത്ത് ഹാളിൽ യോഗവും നടക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജനറേറ്ററിലെ തീയണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ചേർത്തല, അരൂർ എന്നിവിടങ്ങളിൽ നിന്നു അഗ്നിശമന സേനയുടെ യൂണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു.