മാവേലിക്കര: ആലപ്പുഴ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ടീച്ചർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും കലാപരവുമായ മികവുകളെ സമന്വയിപ്പിച്ചു കൊണ്ട് ചാതുര്യം 2020 എന്ന പേരിൽ നടത്തുന്ന മികവുത്സവം ഇന്നും നാളെയും മാവേലിക്കര ഗവ.ടി.ടി.ഐയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രാവിലെ 10ന് വിവിധ പഠനമേഖലകൾ ഉൾക്കൊള്ളിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയിട്ടുള്ള പ്രദർശനത്തോടെ തുടക്കമാവും. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനാവും. ഇതോടനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. ഡോ.എസ്.രവീന്ദ്രൻ നായർ വിഷയാവതരണം നടത്തും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ലീല അഭിലാഷ് നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘു പ്രസാദ്, കെ.ആർ.വിശ്വംഭരൻ, ആലപ്പുഴ ഡി.ഡി.ഇ ധന്യ ആർ.കുമാർ, ടി.പി.കലാധരൻ, എൻ.ശ്രീകുമാർ, റോയ് കുര്യൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഡോ.മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്. 7ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ. വാർത്താ സമ്മേളനത്തിൽ കെ.ആർ വിശ്വംഭരൻ, എൻ.ശ്രീകുമാർ, റോയ് കുര്യൻ, വിൽസൺ ഡാനിയൽ, എസ്.ശ്രീജിത്ത്, ഡോ.മണക്കാല ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.