ചേർത്തല: തെക്കേ അങ്ങാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനനിർമ്മാണം തുടങ്ങി. 300 മീറ്റർ നീളത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ ഇരുവശങ്ങളിലും കാന പണിയുന്നത്.
പടിഞ്ഞാറ് മുട്ടം പള്ളിയുടെ തെക്ക് ഭാഗം മുതലും കിഴക്ക് ഭാഗത്ത് കുടുംബി റോഡ് മുതൽ തെക്കേ അങ്ങാടി കവല വരെയുമാണ് കാന നിർമ്മിക്കുന്നത്. ദേശീയ നിലവാരത്തിൽ റോഡ് ഉയർത്തി പുനർനിർമ്മിച്ചതോടെ ജല നിർഗമനം നിലച്ച്, കഴിഞ്ഞ മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ ദിവസങ്ങളോളം അടച്ചിടേണ്ടിയും വന്നു. വ്യാപരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കുടുംബി തോട്,തെക്കേ അങ്ങാടി കവലയിലെ എ.എസ് കനാലുമായി ബന്ധിപ്പിക്കുന്ന കാന എന്നിവിടങ്ങളിലൂടെ പെയ്ത്തുവെള്ളം ഒഴുകി പോകാവുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാന നിർമ്മാണം പൂർത്തിയാകുന്നതോടൊപ്പം റോഡിന്റെ ഇരുവശവും തറയോട് വിരിച്ച് മോടിപിടിപ്പിക്കും. ഇതോടെ നഗരത്തിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. മേഖലയിലെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാവും. ഒന്നര മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വ്യാപാരികളുടെയും പ്രദേശവാസികളുടെ കാലങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നതെന്ന് കൗൺസിലർ ടോമി എബ്രഹാം പറഞ്ഞു.