tv-r

അരൂർ: മലപ്പുറം സ്വദേശികളായ ചെമ്മലശ്ശേരി ഇബ്രാഹിം (35), കുളത്തൂർ കിഴക്കേതിൽ മജീദ്(40) എന്നിവരെ രണ്ടുചാക്ക് ഹാൻസുമായി പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ചന്തിരൂരിൽ നിന്ന് പിടികൂടിയ പ്രതി നൽകിയ സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലയിൽ ഹാൻസ് വിൽക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ദേശീയ പാതയിൽ അരൂർ പള്ളിക്ക് സമീപം ഇന്നലെ രാത്രി ഏഴരക്കാണ് ഇവരെ പിടികൂടിയത്. രണ്ട് ചാക്കുകളിലായി നൂറ് വലിയ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. വലിയ പാക്കറ്റിൽ മുപ്പത് എണ്ണത്തിന്റെ ഒരു മാല വീതമാണ് ഉണ്ടായിരുന്നത്. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ലോറിയിലാണ് ഹാൻസ് കൊണ്ടുവന്നത്. ആലപ്പുഴ നർക്കോട്ടിക്ക് വിഭാഗമായ ഡാൻസാബ് സെല്ലും അരൂർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അരൂർ എസ്.ഐ.തോമസ്, എ.എസ്.ഐ.മാരായ സാജൻ, സാബു, കോൺസ്റ്റബിൾമാരായ ബിജോയ്, സന്തോഷ് എന്നിവർ അരൂർ പൊലീസിന്റെ സംഘത്തിലുണ്ടായിരുന്നു.