തുറവൂർ: ടോറസ് ലോറി തട്ടി നിയന്ത്രണം തെറ്റി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ കൈ അറ്റു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് ചാവടി ഇല്ലിക്കൽ വീട്ടിൽ പരേതനായ ഹസൈനാരുടെ മകൻ അബ്ദുൾ സമദ് ( 46) ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ 11.30 ന് ദേശീയ പാതയിൽ വയലാർ കവലക്ക് തെക്ക് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
ബൈക്കിൽ ചേർത്തലയ്ക്ക് പോകുന്നതിനിടെ അമിതവേഗത്തിലെത്തിയ ടോറസിന്റെ വശം ബൈക്കിൽ തട്ടി ടോറസിന് അടിയിൽപ്പെടുകയായിരുന്നു.ലോറിയുടെ പിന്നിലെ ചക്രമാണ് കയറിയത്. ടോറസിന്റെ ഡ്രൈവർ അപകടത്തെത്തുടർന്ന് ഇറങ്ങി ഓടിയതിനാൽ മറ്റൊരു ഡ്രൈവർ വന്ന് വാഹനം മാറ്റിയ ശേഷമാണ് സമദിനെ ലോറിക്കടിയിൽ നിന്നു രക്ഷിക്കാൻ കഴിഞ്ഞത്. എറണാകളം ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൾ സമദിന്റെ അറ്റുതൂങ്ങിയ വലതുകൈ പൂർണ്ണമായും മുറിച്ചു മാറ്റി മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എറണാകുളം മാർക്കറ്റിൽ കാപ്പിക്കച്ചവടം നടത്തി കുടുംബം പുലർത്തുന്ന ആളാണ് അബ്ദുൾ സമദ് . രോഗിയായ മാതാവ് നബീസയും ഭാര്യ സൈനബയും മക്കളായ സഹലും, സുഹൈലും അടങ്ങുന്നതാണ് കുടുംബം.