 ഗതാഗതക്കുരുക്കും അപകടവും പതിവ്

ആലപ്പുഴ : കുപ്പിക്കഴുത്തു പോലുള്ള റോഡുകളുടെ വശങ്ങളിലാകെ അനധികൃത കച്ചവടം. നടന്നുനീങ്ങാൻ ഇടമില്ലാതെ നട്ടംതിരിയുന്ന യാത്രക്കാരും. ആലപ്പുഴ നഗരത്തിലെ ഒരു പതിവു കാഴ്ചയാണിത്.

എന്തു കച്ചവടമാണെങ്കിലും റോഡ് കൈയേറിയേ നടത്തുകയുള്ളൂവെന്ന് നിർബന്ധം ഉള്ളതുപോലെയാണ് ചിലരുടെ പ്രവൃത്തികൾ. വലിയ കുടകൾ വച്ച് അതിന് കീഴെ പച്ചക്കറി, പഴവർഗ കച്ചവടം, പെട്ടി ഓട്ടോകൾ നിരത്തിയിട്ട് അതിൽ നിന്ന് മീറ്ററുകളോളം നീളത്തിൽ മുന്നോട്ട് പലക നീട്ടിയിട്ട് പഴങ്ങൾ മുതൽ സവാളവരെ നീളുന്ന വില്പന.... ഇങ്ങനെ പലതരത്തിലാണ് റോഡരികിലെ അനധികൃത കച്ചവടങ്ങൾ. ഫുട്പാത്തുകൾ വരെ കച്ചവടക്കാർ കൈയടക്കിയതോടെ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാരുടെ സഞ്ചരിക്കേണ്ടത് .

വഴിയരികിലെ അനധികൃത കച്ചവടത്തിനെതിരെ നടപടിയെടുക്കേണ്ട നഗരസഭ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. റോഡിന് വീതികൂട്ടുന്നതിന്റെ ഭാഗമായി പി.ഡബ്ലു.ഡി അധികൃതർ കൈയ്യേറ്റം ഒഴിപ്പിക്കാൻ തുടങ്ങിയതാണ് ഏക ആശ്വാസം. ജില്ലാകോടതി പാലം മുതൽ മുല്ലയ്ക്കൽ വരെയും കൊട്ടാരപാലത്തിനു സമീപത്തും ജനറൽ ആശുപത്രി ജംഗ്ഷന് തെക്കുഭാഗത്തുമാണ് വഴിയോരക്കച്ചവടം വ്യാപകം. ജില്ലാ കോടതി പാലത്തിനു സമീപത്തെ വഴിയോരക്കച്ചവടം മൂലമുണ്ടാകുന്ന വാഹനക്കുരുക്ക് ചെറുതല്ല. വാഹനങ്ങളുടെ ഇടയിൽ കൂടി ഞെരുങ്ങി വേണം കോടതിപ്പാലം മുതൽ ജില്ലാ കോടതി വരെ യാത്രചെയ്യാൻ. സമീപത്തുള്ള സ്കൂളുകളിലെ കുട്ടികൾ വളരെ പ്രയാസപ്പെട്ടാണ് സൈക്കിളുമായി ഇതുവഴി സഞ്ചരിക്കുന്നത്. കാൽ നടയാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്.

20

ഉടമകൾ ഇല്ലാത്ത 20 കടകൾ പി.ഡ്ബള്യു.ഡി അധികൃതർ പൊളിച്ചുനീക്കി

15

ദിവസത്തിനകം കടകൾ പൊളിച്ചുമാറ്റണമെന്ന് നോട്ടീസ് നൽകി

18

കടകൾക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയത്.

വിട്ടുകൊടുക്കാതെ പി.ഡബ്ല്യു. ഡി

നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം നടപടി ആരംഭിച്ചു. ഉറോഡിലേക്ക് ഇറക്കി നിർമിച്ചിട്ടുള്ളതും അനുമതി ഇല്ലാത്തതുമായ കടകകളാണ് പൊളിച്ചുനീക്കിയത്. കല്ലുപാലം മുതൽ കൈതവന വരെയുള്ള ഭാഗങ്ങളിലെ കടകളിലാണ് ആദ്യഘട്ടത്തിൽ പരിശോധനയും നടപടികളും നടന്നത്. ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് ഒഴിപ്പിക്കൽ നടപടി.

 കൊമ്പ്കോർത്ത്

വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ ഇടഞ്ഞുനിൽക്കുകയാണ് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ. ഒഴിപ്പിക്കൽ നടപടി അനാവശ്യമാണെന്നാ‌ണ് ഇവരുടെ വാദം.

നഗരത്തിലെ ഗതാഗതകുരുക്കിന് പ്രധാന തടസം വഴിയോരക്കച്ചവടമാണ്. പലതവണ ഇവരെ ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും 2 ദിവസം കഴിഞ്ഞ് പിന്നെയും കച്ചവടം ആരംഭിക്കുന്നതാണ് ഇവരുടെ രീതി. കച്ചവടക്കാരിൽ കൂടുതലും വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരാണ്.

(ട്രാഫിക് പൊലീസ് അധികൃതർ)