ആലപ്പുഴ: നഗരത്തിൽ അടിയ്ക്കടി വൈദ്യുതി മുടങ്ങുന്നത് ജനജീവിതം ദുരിതത്തിലാക്കുകയും വ്യാപാര,വ്യവസായ മേഖലയെ തകർക്കുകയും ചെയ്യുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണ് പകൽ മുഴുവൻ വൈദ്യുതി കെ.എസ്.ഇ.ബി മുടക്കുന്നത്. കനത്ത ചൂടിൽ ഫാൻ പോലുമിടാനാകാതെ വിയർത്തു കുളിക്കുകയാണ് എല്ലാവരും. ജനറേറ്ററുകൾ ഉള്ള സ്ഥാപനങ്ങളൊഴികെയുള്ളവയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.

സർക്കാർ ഓഫീസുകൾ, ചെറുകിട കച്ചവടക്കാർ, തടിമില്ലുകൾ, ഫർണീച്ചർ കമ്പനികൾ, തയ്യൽക്കടകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വൈദ്യുതി മുടക്കത്തിൽ നട്ടംതിരിയുകയാണ്. ബേക്കറികൾക്കും കോൾഡ് സ്റ്റോറേജുകൾക്കും, ഭക്ഷണശാലകൾക്കും വൻ നഷ്ടമാണുണ്ടാകുന്നത്. ഫ്രീസറുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഒരു ദിവസം തന്നെ പലവട്ടം വൈദ്യുതിബന്ധം വിഛേദിക്കപ്പെടുന്നതു മൂലം ശീതീകരണ ഉപകരണങ്ങളും മറ്റും തകരാറിലാകുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു.

എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വൈദ്യുതി മുടക്കം പതിവാകുന്നത് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു.

......

നാളെ വൈദ്യുതി മുടങ്ങും

ആലപ്പുഴ 66 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 8 ന് രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായി തടസപ്പെടും.