ആലപ്പുഴ: ചേർത്തല ഗവ. ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയെക്കുറിച്ചുള്ള പരാതികൾ യാഥാർത്ഥ്യമാണെങ്കിൽ അത് പ്രദേശവാസികളുടെ അവകാശങ്ങൾക്ക് മേലുള്ള കടുത്ത ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലുള്ള ജീവിക്കാനുള്ള അവകാശത്തിൽ മികച്ച ചികിത്സ ഉറപ്പു നൽകുന്ന പശ്ചാത്തലത്തിൽ ചേർത്തല ഗവ. ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പരിമിതികൾ നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി. സാധാരണക്കാരും നിർദ്ധനരും ചികിത്സയ്ക്കായി സമീപിക്കുന്ന ആശുപത്രികളിൽ മികച്ച ആരോഗ്യപരിപാലന സംവിധാനം ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ പ്രാഥമികമായ കർത്തവ്യമാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
വേഗം ചേർത്തല ആശുപത്രിയിലെ പരാധീനതകൾ പരിഹരിക്കണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിലിൽ ചേർത്തലയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
ആശുപത്രിയിൽ 351 കിടക്കകളുണ്ടെങ്കിലും 100 രോഗികളെ പോലും പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒട്ടേറെ ഒഴിവുകളുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മരുന്ന് നൽകാറില്ല. സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന മരുന്നുകൾ പോലും ഇവിടെ ലഭിക്കാറില്ല. കോടികൾ ചെലവഴിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ട്രോമാകെയർ യൂണിറ്റും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുക്കുന്നു. ഒ.പിയിൽ രോഗികൾ മണിക്കൂറുകളോളം കാത്തിരുന്ന് ബോധരഹിതരായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എസ്.ശരത് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.