ആലപ്പുഴ: കിഫ്ബി വഴി​ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് അറി​വ് പകരാനും പൊതുജനങ്ങളുടെ അഭിപ്രായം ആരായാനും 'കേരള നിർമ്മിതി വികസനത്തിന്റെ അനുഭവബോദ്ധ്യം' എന്ന പേരിൽ നാളെ മുതൽ 10 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ പ്രദർശന -ബോധവത്കരണ പരിപാടികൾ അരങ്ങേറും. ജില്ലയിലെ വൻകിട വികസന പദ്ധതികളുടെ ത്രിമാനതല മാതൃകകളും വെർച്വൽ റിയാലി​റ്റി മാതൃകകളും അവലോകനങ്ങളും ഉൾപ്പെടുന്ന പരിപാടി നാളെ രാവിലെ 11ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, തോമസ് ഐസക്ക് എന്നിവർ പങ്കെടുക്കും. മൂന്നുവേദികളാണ് ഒരുക്കുന്നത്. പ്രദർശന വേദിക്ക് പുറമെ ഒരുഹാളിൽ സിമ്പോസിയങ്ങളും അവലോകനങ്ങളും മ​റ്റൊന്നിൽ യോഗങ്ങളും നടക്കും. ഒന്നാം ദിവസം വൈകിട്ട് കായിക മേഖലയുടെ വികസനം സംബന്ധിച്ച ചർച്ച നടക്കും. രണ്ടാംദിനത്തിൽ ആലപ്പുഴ നഗര പദ്ധതി, കുട്ടനാട് രണ്ടാം പാക്കേജ് എന്നിവയുടെ അവതരണവും ചർച്ചയും. അവസാനദിനം വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലെ വികസന പദ്ധതികളാണ് വിഷയം. വിദ്യാർത്ഥികൾക്കായി ഡോ. ജി.എസ്. പ്രദീപ് നയിക്കുന്ന പ്രശ്നോത്തരിയുമുണ്ടാകും.

കലാപരിപാടികൾ, കുട്ടികൾക്ക് പങ്കെടുക്കാവുന്ന തത്സമയ ക്വിസ് മത്സരം എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും.

ദേശീയപാത വികസനം ഉൾപ്പെടാതെതന്നെ, 1500 കോടി രൂപയുടെ വികസന പദ്ധതികളാണ് ആലപ്പുഴ നഗരത്തിൽ മാത്രം നടപ്പാക്കുന്നത്. ഇവയിൽ ഏ​റ്റവും ബൃഹത്തായത് ട്രാൻസ്പോർട്ട് ഹബ്ബാണ്. പാലങ്ങൾ, തോടുകൾ എന്നിവയെല്ലാം നവീകരിക്കും. തോട്ടിൻകരയിലൂടെ 18 കിലോമീ​റ്റർ ദൈർഘ്യത്തിൽ നടപ്പാതയും സൈക്കിൾ ട്രാക്കും തയ്യാറാകും. കെട്ടിടങ്ങൾ, പൗരാണികത്തനിമ നിലനിറുത്തി മനോഹാരിത ചോരാതെ പുനരുദ്ധരിക്കും. ഇവയിൽ 20 എണ്ണം മ്യൂസിയമാക്കി മാ​റ്റും. കൾച്ചറൽ കോംപ്ലക്സും കായിക സൗകര്യ സംവിധാനവും ഒരുക്കാൻ പദ്ധതിയുണ്ട്.

കുട്ടനാട്ടിലെ പരിസ്ഥിതി പുന:സ്ഥാപനമാണ് കിഫ്ബി ഊന്നൽ നൽകുന്ന മ​റ്റൊരു പ്രാദേശികമേഖല. ശുചിത്വ കുട്ടനാട്, ബണ്ടുകളുടെ നിർമ്മാണം, കൃഷി, മത്സ്യമേഖല ഇവയിലെല്ലാം നൂതന സങ്കല്പങ്ങളാണ് കുട്ടനാട് രണ്ടാം പാക്കേജിൽ വിഭാവനം ചെയ്യുന്നത്. കളക്ടർക്കാണ് പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല.