നൂറനാട് : എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നൂറനാട് പടനിലം ഭാഗത്ത് നടത്തിയ റെയ്ഡിൽ മെത്തക്കുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്ന നൂറോളം ഹാൻസ് പാക്കറ്റുകളുമായി ഒരാൾ പിടിയിലായി. പടനിലം മുറിയിൽ അനിൽ ഭവനത്തിൽ കൃഷ്ണൻകുട്ടിയെയാണ് പിടികൂടിയത്.

മെത്തയ്ക്കുള്ളിലെ പഞ്ഞി മാറ്റിയിട്ടാണ് ഹാൻസ് പാക്കറ്റുകൾ നിറച്ചിരുന്നത്. ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തുമ്പോൾ ഈ മെത്തയിലാണ് അസുഖം അഭിനയിച്ച് കൃഷ്ണൻകുട്ടി കിടന്നിരുന്നത്. സംശയം തോന്നി എക്സൈസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സദാനന്ദൻ, സന്തോഷ് കുമാർ, സി.ഇ.ഒമാരായ സിനുലാൽ, അശോകൻ എന്നിവർ പങ്കെടുത്തു.