അമ്പലപ്പുഴ: പറയുന്നത് പ്രാവർത്തികമാക്കുന്ന ബഹുമുഖപ്രതിഭയാണ് ജി.സുധാകരനെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പുന്നപ്ര ജെ.ബി.സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ ജി.ഡി.കണിയാർ പ്രതിഭാ പുരസ്കാരം മന്ത്രി ജി.സുധാകരന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്നത് വെറും നിർമ്മാണം മാത്രമല്ല, കാവ്യാത്മകമായ ശില്പഭംഗിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ്. അഴിമതി രഹിതമായും സമയബന്ധിതമായും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ ഒരു ജി.സുധാകരൻ ടച്ച് തന്നെയുണ്ടെന്ന് സി.രവീന്ദ്രനാഥ് പറഞ്ഞു. അദ്ധ്യാപക ജോലി പ്രഥമ പരിഗണനയായി കണ്ടിരുന്ന ഒരു തലമുറ മുൻപുണ്ടായിരുന്നെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി.ജി.സുധാകരൻ പറഞ്ഞു. ആസ്തി വികസന ഫണ്ടിൽ നിന്നും പുന്നപ്ര ജെ.ബി.സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.പുന്നപ്ര ജെ.ബി സ്കൂളിലെ മുൻ അദ്ധ്യാപകനും, സഹകാരിയും, സാമൂഹിക പ്രവർത്തകനുമായിരുന്ന പരേതനായ ജി.ദാമോദരക്കണിയാരുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി.ജി.സുധാകരൻ പറഞ്ഞു.
ജി.ഡി.കണിയാരുടെ സ്മരണക്കായി കുടുംബം 2 ലക്ഷം രൂപ ചിലവിൽ നവീകരിച്ച രണ്ടു ക്ലാസ് മുറികളുടെ ഉദ്ഘാടനവും മന്ത്രിമാർ നിർവഹിച്ചു.സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ടി.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എം അഹമ്മദ് കബീർ ജി.ഡി.കണിയാർ അനുസ്മരണ പ്രഭാഷണം നടത്തി.കെ.എം.ജുനൈദ്, സുധർമ്മ ഭുവനചന്ദ്രൻ ,പി.സുരേഷ് ബാബു, ഗീത ബാബു, ആർ.രജിമോൻ, സുലഭ ഷാജി, എം. ഷീജ, എം.ഡി.രാജേഷ്, ആർ.രജികുമാർ, ദലീമ ജോസഫ്, ജെ.ഷീബ തുടങ്ങിയവർ സംസാരിച്ചു.വൈ. സാജിത സ്വാഗതവും, എ.സുധീർ നന്ദിയും പറഞ്ഞു.