ആലപ്പുഴ: വിഷക്കായ് കഴിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കാണാതായ സ്ത്രീയെ വാടക വീട്ടിലെ കിടപ്പുമുറിയിൽ ദുരുഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തെക്കേക്കര വടുതലത്തറയിൽ വീട്ടിൽ അജിയുടെ ഭാര്യ ഷീലയാണ് (40) മരിച്ചത്. ഷീലയുടെ പരിചയക്കാരൻ ജോണിയെയും മറ്റൊരു സ്ത്രീയെയും സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഷീലയുടെ ഭർത്താവും ജോണിയുടെ ഭാര്യയും കുറച്ചുനാൾ മുമ്പ് മരിച്ചു. പരിചയക്കാരനായ ജോണിക്കൊപ്പം 10 മാസമായി വാടക വീടായ തുമ്പോളി പുത്തൻപുരയിൽ താമസിക്കുകയായിരുന്നു. ഇടയ്ക്ക് ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായി. ബുധനാഴ്ച ആലപ്പുഴ ബീച്ച് ഭാഗത്തുവച്ച് വിഷക്കായ കഴിച്ച ഷീലയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് അനുവാദമില്ലാതെ ഷീല വീട്ടിലേക്ക് പോയി. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ജോണി മറ്റൊരു സ്ത്രീയെ ഷീല താമസിക്കുന്ന വീട്ടിലേക്ക് പറഞ്ഞയച്ചു. ഇവർ ആട്ടോറിക്ഷയിൽ എത്തി അന്വേഷിച്ച് വീട് കണ്ടുപിടിച്ച് മുറിതുറന്നപ്പോൾ കിടപ്പുമുറിയിൽ കട്ടിലിന് സമീപം രക്തം വാർന്ന് മരിച്ച നിലയിൽ ഷീലയെ കണ്ടെത്തി. അയൽവാസികൾ എത്തി നോർത്ത് പൊലീസിൽ വിവരം അറിയിച്ചു. വീട്ടിലെത്തിയ സ്ത്രീയുടെ ഫോണിൽ നിന്ന് ജോണിയെ വിള്ളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ രാവിലെ ഷീലയുടെ വീട്ടിലെത്തിയ സ്ത്രീയും ജോണിയുടെ പരിചയക്കാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ജോണി ഏറ്റുവാങ്ങി.