വനിത കമ്മിഷൻ അദ്ധ്യക്ഷയോട് ശുണ്ഠികൂടി ഗൗരിഅമ്മ
ആലപ്പുഴ: ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ അടഞ്ഞുകിടന്ന മുൻവാതിൽ തുറക്കാൻ സാദ്ധ്യതയില്ലെന്ന് അറിഞ്ഞതോടെ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനും കമ്മിഷൻ അംഗങ്ങളും വടക്കുവശത്തെ വാതിലിലൂടെ വീടുനുള്ളിലെത്തി. കിടപ്പുമുറിയുടെ കതകിന്റെ ഒരു പാളി തുറന്നിട്ട് ശുഭ്രസാരിയുടുത്ത് ഗൃഹനാഥ ചൂരൽ കസേരയിലങ്ങനെ ഇരിപ്പുണ്ട്- സാക്ഷാൽ കെ.ആർ. ഗൗരിഅമ്മ. 100 കഴിഞ്ഞതിന്റെ ആലസ്യം പാറിപ്പറക്കുന്ന ആ മുടിയിഴകളിലുണ്ട്.
എതിർ വശത്തായി കിടന്ന കസേരയിൽ ജോസഫൈൻ ഇരുന്നു. വനിതാ ദിനാഘോഷത്തിനു മുന്നോടിയായി ഗൗരിഅമ്മയെ ആദരിക്കാനും ഉപഹാര സമർപ്പണത്തിനുമായിട്ടാണ് കമ്മിഷൻ അദ്ധ്യക്ഷയും അംഗങ്ങളും എത്തിയത്. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും കളത്തിപ്പറമ്പിൽ വീട്ടിലേക്കു വരാൻ ഗൃഹനാഥയെക്കാൾ വലിയ വി.ഐ.പിമാർ ആരുമില്ലാത്തതിനാൽ ആ അറിയിപ്പിന് അത്ര 'പ്രാധാന്യം' കിട്ടിയില്ലെന്നു മാത്രം!
'എന്നെ അറിയുമോ'- ജോസഫൈൻ ചോദിച്ചു. 'വന്ന കാര്യം പറഞ്ഞാൽ മതി'- മറുവശത്തു നിന്നുള്ള മറുപടി! ഒപ്പമുണ്ടായിരുന്ന അംഗങ്ങൾക്ക് ചിരി അടക്കാനായില്ല. വാതിലിന്റെ ഭാഗത്തേക്ക് കമ്മിഷൻ മെമ്പർ സെക്രട്ടറി ഉഷാറാണി വന്നപ്പോൾ ഗൗരിഅമ്മ ചൂടായി. 'അവിടെ നിൽക്കരുത്, അങ്ങോട്ട് മാറി നിൽക്ക്'- ഗൗരിഅമ്മ ആജ്ഞാപിച്ചു. തന്നോടല്ലെന്ന ഭാവത്തിൽ ഉഷാറാണി നിന്നപ്പോൾ വലതുകാൽ കൊണ്ട് തടഞ്ഞു. രംഗം പന്തിയല്ലെന്നു കണ്ട ഉഷാറാണി അവിടെ നിന്ന് മാറി. ഈ സമയം കമ്മിഷൻ അംഗം ഷിജി ശിവജിയുടെ മകൻ ദിവേക് ശിവയെ കണ്ടപ്പോൾ അടുത്തേക്കു വിളിച്ചു. ഈ സമയം ജോസഫൈൻ വനിതാകമ്മിഷന്റെ ഷാൾ ഗൗരിഅമ്മയെ അണിയിച്ച് ആദരിച്ച ശേഷം ഉപഹാരം നൽകി. തന്നെ അറിയുമോ എന്ന് ജോസഫൈൻ വീണ്ടും ചോദിച്ചപ്പോൾ 'ടാ, പൊലീസ് എവിടെയാണ്' എന്നായി ഗൗരിഅമ്മയുടെ അന്വേഷണം. ഇതോടെ ഗൺമാൻ ജോസഫ് എത്തി എല്ലാവരെയും പുറത്തേക്കു വിളിച്ചു.
തന്റെ പ്രവർത്തനത്തിന് ശക്തി പകരുന്നത് സ്ത്രീപുരുഷ സമത്വത്തിൽ ഗൗരിഅമ്മയുടെ അചഞ്ചലമായ അഭിപ്രായങ്ങളും നിലപാടുമാണെന്ന് എം.സി. ജോസഫൈൻ പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇനിയൊരു ഗൗരിഅമ്മ കേരളത്തിനുണ്ടാവില്ലെന്നും അവർ അഭിപ്രായപ്പെട്ടു. കമ്മിഷനംഗങ്ങളായ എം.എസ്.താര, ഷാഹിദാ കമാൽ, ഷിജി ശിവജി, ഇ.എം.രാധ, മെമ്പർ സെക്രട്ടറി ഉഷാ റാണി, പി.ആർ.ഒ കെ.ദീപ എന്നിവരും ഒപ്പമുണ്ടായിരുന്നു.