വില കുറയ്ക്കാൻ ചിപ്സ് നിർമ്മാതാക്കൾക്ക് മടി
ആലപ്പുഴ : ഒരു കിലോ പച്ച ഏത്തയ്ക്കായ്ക്ക് 120 രൂപ വിലയുണ്ടായിരുന്നപ്പോൾ ചിപ്സിന് വില കിലോഗ്രാമിന് 350 രൂപ. ഇപ്പോൾ ഒരു കിലോ പച്ചക്കായ്ക്ക് 24 രൂപ. ചിപ്സിന് വിലയാകട്ടെ കിലോയ്ക്ക് 325 രൂപ. ആരു കേട്ടാലും മൂക്കത്ത് വിരൽ വച്ചു പോകും. ഏത്തക്കായ്ക്ക് വില ഉയരുമ്പോൾ ചിപ്സിന് വില കുത്തനെ ഉയർത്തുന്ന കച്ചവടക്കാർ കായ്ക്ക് വില കുറഞ്ഞാലും അതിന് ആനുപാതികമായി ചിപ്സിന് വില താഴ്ത്തുന്നില്ലെന്നതിന് തെളിവാണിത്.
പാമോയിലിന്റെ വില വർദ്ധനവും തൊഴിലാളികളുടെ കൂലി വർദ്ധനവുമാണ് ചിപ്സിന്റെ വിലകുറയ്ക്കാതിരിക്കാൻ കാരണമെന്നാണ് നിർമ്മാതാക്കളുടെ വാദം. എന്നാൽ പാമോയിലിന്റെ വിലയിൽ ഇവർ പറയുന്ന അന്തരം ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മലേഷ്യയുമായി ഇറക്കുമതി കരാർ പുതുക്കൽ തർക്കം ഉടലെടുക്കുന്നതിന് മുമ്പ് ഒരു കിലോയ്ക്ക് 65രൂപയായിരുന്നു പാമോയിൽ വില . എന്നാൽ രണ്ടുമാസം മുമ്പ് പാമോയിലിന് വില കൂടി കിലോയ്ക്ക് 100രൂപയിൽ എത്തി. ഇന്തോനേഷ്യയുമായി ഇറക്കുമതി കരാർ ഒപ്പിട്ടതോടെ പാമോയിൽ വില കഴിഞ്ഞ ഒന്നര ആഴ്ച കൊണ്ട് വീണ്ടും കുറഞ്ഞ് കിലോയ്ക്ക് 82രൂപയിൽ എത്തി.
ഒന്നാം തരം ഏത്തക്കായ്ക്കാണ് ഇപ്പോൾ മാർക്കറ്റ് വില കിലോഗ്രാമിന് 24രൂപ. രണ്ടാംതരം ഏത്തക്കായ കിലോയ്ക്ക് 12രൂപയ്ക്ക് വരെ ലഭിക്കും. അത്തരം കായ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്സ് കിലോയ്ക്ക് കിലോയ്ക്ക് 180രൂപയിൽ താഴെ വിലയ്ക്ക് നൽകാൻ കഴിയുമെന്ന് ചെറുകിട വ്യാപാരികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു. രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. രണ്ടാം തരം ചിപ്സിന് ഉപയോഗിക്കുന്നത് കറകുറഞ്ഞ കായ് ആയതിനാൽ ചൂട് എണ്ണയിൽ പ്ളാസ്റ്റിക് ഇട്ടശേഷം കായ് അരിഞ്ഞിടുന്ന രീതിയുണ്ടെന്നും പറയപ്പെടുന്നു.
കപ്പയ്ക്കും ചക്കയ്ക്കും തഥൈവ!
ചിപ്സിന് മാത്രമല്ല, മറ്റ് ഉപ്പേരികൾക്കും വില ഇതുപോലെ തന്നെ. ചക്കയുടെ സീസൺ ആണെങ്കിലും ചക്ക ഉപ്പേരിക്ക് ഇപ്പോൾ കിലോയ്ക്ക് 350രൂപയാണ് വില.കപ്പയ്യ് കിലോയ്ക്ക് 55രൂപ വിലയായിരുന്നപ്പോൾ കപ്പ വറുത്തതിന് വില കിലോയ്ക്ക് 120 രൂപയായിരുന്നു. ഇപ്പോൾ മൂന്ന് കിലോ കപ്പ 50രൂപയ്ക്ക് കിട്ടുമ്പോഴും കപ്പ ഉപ്പേരിയുടെ വിലയിൽ ഒരുമാറ്റവും ഇല്ല. നിർമ്മാണ വസ്തുക്കളുടെ വില കുറഞ്ഞാലും ഉത്പന്നങ്ങളുടെ വിലയിൽ കുവ് വരുത്തുന്നതിൽ ഉത്പാദകർ താല്പര്യം കാണിക്കാറില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
വില നിലവാരം പരിശോധിക്കേണ്ട സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പും ജാഗ്രതയോടെ വിഷയത്തിൽ ഇടപെടാത്തതാണ് തോന്നിയ വിലയ്ക്ക് ഉപ്പേരി ഇനങ്ങൾ വിൽക്കുന്നതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പാമോയിൽ വില (ഒരു കിലോഗ്രാമിന്)
മലേഷ്യയുമായി തർക്കം ഉണ്ടാകുന്നതിന് മുമ്പ് :65രൂപ
രണ്ട് മാസം മുമ്പ് : 100രൂപ
ഇപ്പോൾ : 82 രൂപ
ചിപ്സ് വില (കിലോഗ്രാമിന്)
കഴിഞ്ഞ ഓണക്കാലത്ത് : 350
ഇപ്പോൾ : 325
ചക്കഉപ്പേരി വില (കിലോഗ്രാമിന്)
മുൻകാലങ്ങളിൽ സീസണിൽ : 160- 180രൂപ
ഇപ്പോൾ : 350രൂപ
"പാമോയിലിന്റെ വില 70ൽ നിന്ന് 100രൂപയായി വർദ്ധിച്ചതും തൊഴിലാളിയുടെ കൂലി 600ൽ നിന്ന് 1000രൂപയായി വർദ്ധിച്ചതും കാരണമാണ് ഉപ്പേരി ഇനങ്ങളുടെ വിലകുറയ്ക്കാൻ കഴിയാത്തത്.
ചെറുകിട ഉപ്പേരി നിർമ്മാതക്കൾ