കുട്ടനാട് : വയസ് നൂറ്റൊന്നായെങ്കിലും നാടൻ പാട്ടിനെപ്പറ്റി ചോദിച്ചാൽ ഭാനുമതിയമ്മയുടെ നാവിൽ നിന്ന് ശീലുകൾ ഉയരും. ഏതു തരം നാടൻപാട്ടും ഈ മുത്തശിക്ക് ഹൃദിസ്ഥം. വായ്മൊഴി വഴക്കത്തിലെ ഒരു സർവകലാശാല തന്നെയാണ് ചങ്ങനാശ്ശേരി കുറിച്ചി ഇത്തിത്താനം ചാണകക്കുഴിചിറ ഭാനുമതിയമ്മ. ഞാറ്റുപാട്ട്, മുടിയാട്ടപാട്ട്, പറപ്പാട്ട്,ഇടനാടൻപാട്ട്,കൊയ്ത്തുപാട്ട് അങ്ങനെ എന്തു തന്നെയായാലും കാണാപ്പാഠം.
കുഞ്ഞുനാളിൽ വാമൊഴിയായ് കേട്ടു പഠിച്ച നാടൻ പാട്ടുകളുടെ നൂറ് കണക്കിന് ശീലുകൾ ഒറ്റയിരിപ്പിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ പോലെ നിഷ്പ്രയാസം ഓർത്തെടുക്കാനുള്ള ഭാനുമതിയമമയുടെ കഴിവ് ഒന്ന് വേറെയാണ്. പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകളൊഴിച്ചാൽഇപ്പോഴും കാഴ്ചയ്‌ക്കോ കേൾവിക്കോ ഒരു പ്രശ്നവുമില്ല. ഒരു വർഷം മുമ്പ് വരെ കുലത്തൊഴിലായ കുട്ട,വട്ടി,മുറം നെയ്ത്ത് നടത്തുമായിരുന്നു.
മലയാളവർഷം 1094ൽ കുട്ടനാട്ടിലെ പുളിങ്കുന്നിലായിരുന്നു ജനനം. വാസുദേവൻ- മങ്കമ്മ ദമ്പതികളുടെ മകളായ ഭാനുമതിയമ്മയ്ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ലഭിച്ചിരുന്നുള്ളു. പിന്നീട് സ്വന്തം പ്രയത്നത്തിലൂടെ നാടൻ ശീലുകൾക്കൊപ്പം സംസ്‌കൃതവും പുരാണേതിഹാസങ്ങളുമൊക്കെ മനപ്പാഠമാക്കി. കുഞ്ഞുന്നാളിൽ തന്നെ പാടാൻ നല്ല കഴിവ് പ്രകടിപ്പിച്ചിരുന്നു. അപ്പാപ്പൻ ശൗരി അന്ന് നാട്ടിൽ അറിയപ്പെടുന്നൊരു കലാകാരനായിരുന്നു. അദ്ദേഹത്തോടൊപ്പം നാട്ടിലെ കലാരംഗത്ത് സജീവമായതോടെയാണ് അറിയപ്പെടുന്നൊരു കലാകാരിയായി ഭാനുമതിയമ്മ മാറിയത്.
പിന്നീട് കേരളത്തിലിന്ന് അറിയപ്പെടുന്ന പല നാടൻ പാട്ടു കലാകാരന്മാരുടേയും കലാകാരികളുടേയുമൊക്കെ ഗുരുസ്ഥാനിയായി . ശിഷ്യർക്ക് ലഭിച്ച പ്രശസ്തി ഗുരുവിന് ലഭിക്കാതെ പോയി എന്നുമാത്രം. അതിൽ തെല്ലുപോലും പരിഭവം ഭാനുമതിയമ്മയ്ക്ക്. പ്രശസ്ത നാടൻപാട്ടുകാരിയായിരുന്ന കാവാലം രംഭ മുതൽ നാടകാചാര്യനും സാഹിത്യ കാരനുമായിരുന്ന കാവാലം നാരായണപ്പണിക്കർ വരെ വായ്‌മൊഴി വഴക്കത്തിലേറെയും തന്നിൽ നിന്നാണ് വശമാക്കിയതെന്ന് ഈ മുത്തശി അഭിമാനപൂർവം പറയുന്നു.
പഴയകാല ഓർമ്മകളും മനസിൽ പച്ചപിടിച്ചു നിൽക്കുന്നു. ' പ്രഭാതം മുതൽ പ്രദോഷം വരെ അന്ന് ജോലി ചെയ്യ്താൽ ഒരു ചക്രവും ഒന്നേകാൽ ചക്രവുമൊക്കെയായിരുന്നു കൂലി. ജോലിക്കിടെ പാട്ടു പാടണമെന്നത് നിർബന്ധമാണ്. നല്ല പാട്ടുകാരിയായി പേരെടുത്തിരുന്നതിനാൽ പാടത്ത് തലപ്പാട്ടുകാരിയായ് മാറാൻ കഴിഞ്ഞു. തലപ്പാട്ടുകാരിക്ക് അന്ന് ഒരു കൂലി കൂടുതൽ മുതലാളി നൽകും. പണി കഴിഞ്ഞു വൈകിട്ട് കരയ്ക്ക് കേറുമ്പോൾ എല്ലാവരും ഒരു കൂലിയുമായി വീട്ടിലേക്ക് പോകുമ്പോൾ രണ്ടുകൂലിയുമായിയാണ് ഞാൻ വിട്ടിലേക്ക് പോയിരുന്നത്" ഭാനുമതിയമ്മ പറഞ്ഞു. മനസിൽ അലയടിക്കുന്ന ഓർമ്മകൾക്കൊപ്പം മുത്തശിയുടെ നാവിൽ നിന്ന് നാടൻശീലുകളുയർന്നു : 'പുഞ്ചപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്ന് പാടാമോ...
അക്കണ്ടം നട്ടുഞാൻ ഇക്കണ്ടം നട്ടു ഞാൻ..."