ഹരിപ്പാട്: ഗവ.താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്, മൈനർ ഓപ്പറേഷൻ തീയറ്റർ, ക്യു രഹിത ഒ.പി കൗണ്ടർ, മോഡുലാർ ഫർമസി, 950 ബെഡ് ഷീറ്റുകളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 3ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. എ.എം ആരിഫ് എം.പി മുഖ്യാതിഥിയാകും. ആശുപത്രിയിൽ അകെ 1.80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായിരിക്കുന്നത്. പുതിയതായി ഏഴു യൂണിറ്റുകൾ ആരംഭിക്കുന്നതോടെ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം 9 ആയി. ഇരുപത്തിനാലു മണിക്കൂറും സേവനം ലഭിക്കും. ഇതിനായി നാലു ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഒരുദിവസം 21പേർക്ക്

ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ ഉള്ളത്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സേവനം തികച്ചും സൗജന്യമാണ്. എ.പി.എൽ വിഭാഗത്തിന് 650 രൂപയും, ബി.പി.എൽ വിഭാഗത്തിന് 450 രൂപയുമാണ് ചാർജ്. ഇപ്പോൾ തന്നെ 66 ഓളം പേർ ഡയാലിസിസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 58ലക്ഷം രൂപ ചെലവഴിച്ചാണ് എ.സി ലേബർ റൂം തയ്യാറാക്കിയിയത്. ദിവസേന രണ്ടായിരത്തോളം രോഗികൾ വരുന്ന ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായി ക്യു നിൽക്കേണ്ട അവസ്ഥ ഇനി ഉണ്ടാവുകയില്ല. അതിനായി പ്രത്യേക കൗണ്ടർ സജ്ജീകരിച്ചു. 180കിടക്കകൾ ഉള്ള ആശുപത്രിയിൽ ഇനി മുതൽ ഓരോദിവസവും ഓരോ കളറിൽ ഉള്ള ഷീറ്റുകൾ ആണ് വിരിക്കുക. സ്വകാര്യ ആശുപത്രികളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ആണ് ആശുപത്രിയിൽ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നതെന്ന്

ഹരിപ്പാട് മുനിസിപ്പൽ ചെയർ പേഴ്സൺ വിജയമ്മ പുന്നൂർമഠം, വൈസ് ചെയർമാൻ കെ.എം രാജു, എം.കെ വിജയൻ, ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.സുനിൽ, കൗൺസിലർമാരായ കാട്ടിൽ സത്താർ, എം.സജീവ്, രാജലക്ഷ്മി, എം.ബി അനിൽ മിത്ര, ബി.ബാബുരാജ്, ആർ.രതീഷ്, മുനിസിപ്പൽ സെക്രട്ടറി രാഗിമോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.