ആലപ്പുഴ: ആലപ്പുഴ രൂപത ബിഷപ്പിനെ മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു. തീരപരിപാലന വിജ്ഞാപനവുമായി ബന്ധപ്പെട്ട് തീരനിവാസികൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി വ്യക്തക്കമാക്കി.
തീരദേശത്തെ കെട്ടിടങ്ങളെ രണ്ടായി കാണണം. തീരവാസികളുടെ വാസഗൃഹങ്ങളും വ്യവസായ സമുച്ചയങ്ങളും എന്ന നിലയിൽ അവയെ രണ്ടായി കാണാം. സുപ്രീ കോടതിയിൽ സമർപ്പിക്കേണ്ടതിനായി തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കാൻ അധിക സമയം ആവശ്യപ്പെടുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പു നൽകി.
പുതുക്കിയ തീരപരിപാലന പ്ലാൻ എത്രയും വേഗം തയ്യാറാക്കാനായി ബന്ധപ്പട്ടവർക്ക് നിർദ്ദേശം നൽകുമെന്നും ജില്ലാതല സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും സുധാകരൻ പറഞ്ഞു. ചർച്ചയിൽ ബിഷപ്പ് ജയിംസ് ആനാപറമ്പിലിനോടൊപ്പം വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം, രൂപതാ മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, പി.ആർ.കുഞ്ഞച്ചൻ, ഹാരിസ് പനയ്ക്കൽ, ജാക്സൺ ആറാട്ടുകുളം എന്നിവരും പങ്കെടുത്തു.