ആലപ്പുഴ: കാലിത്തീറ്റയുടെ വില കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ പാലിന് പ്രത്യേക ഇൻസന്റീവ് നൽകി ക്ഷീരകർഷകരെ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തിൽ മിൽമ ജില്ലാ ഗ്രാമോത്സവം 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ഉപജീവനമാർഗമാണ് കന്നുകാലി വളർത്തൽ. ക്ഷീരകർഷകർക്ക് ആവശ്യമായ പിന്തുണ കൊടുത്താൽ പാലിനായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട ആവശ്യം വരില്ല. കാലിവളർത്തലിന് മിൽമ നൽകുന്ന പിന്തുണ വലുതാണ്. ചെലവിന് ആനുപാതികമായ വില ഉത്പാദിപ്പിക്കപ്പെടുന്ന പാലിന് ലഭിക്കാത്തതിനാൽ കർഷകർ ഈ രംഗംവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷനായി. അഡ്വ.എ.എം.ആരിഫ് എം പി മുഖ്യ പ്രഭാഷണവും ധനസഹായ വിതരണവും നടത്തി. 25വർഷം സേവനം പൂർത്തിയാക്കിയ ക്ഷീര സംഘം സെക്രട്ടറിമാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ആദരിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന സംഘങ്ങളെ മിൽമ ചെയർമാൻ പി.എ.ബാലനും 25വർഷം പൂർത്തിയാക്കിയ ക്ഷീര സംഘം ജീവനക്കാരെ ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന സംഘത്തിനെ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ജി.ശ്രീലതയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ഡി.സി.സി പ്രസിഡന്റ് എം.ലിജു, മിൽമ ഡയറക്ടർ വി.വി.വിശ്വൻ, ഡോ. ജി.ജോർജ്, ഫിലിപ്പ് തോമസ്, ബി.സുരേഷ്‌കുമാർ, ജി.ഗോപകുമാർ, കെ.ആർ.ഗോപാലകൃഷ്ണൻ, സി.കെ.പ്രതുല്ലചന്ദ്രൻ ,വി സി.വേണുഗോപാൽ, പി.ജഗദീശൻ, കെ.ആർ.വിമൽ കുമാർ, സിന്ധു.വി.കെ, കരുമാടി മുരളി തുടങ്ങിയവർ സംസാരിച്ചു. 'കേരളത്തിലെ കന്നുകാലി പ്രജനനനയം: നേട്ടങ്ങളും കോട്ടങ്ങളും" എന്ന വിഷയത്തിൽ ഡോ.അവിനാഷ് കുമാറും 'സഹകരണ നിയമവും ചട്ടങ്ങളും" എന്ന വിഷയത്തിൽ കെ.മദനചന്ദ്രൻ നായരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നിന്നുള്ള പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കർഷക പ്രതിനിധികൾ എന്നിവരുമായി ഇന്റർനാഷണൽ ട്രെയിനർ അഡ്വ.എ.ദിനേശ് സംവാദം നടത്തി.മിൽമ റിട്ട. അസി.മാനേജർ വി.സുരേഷ് പ്രബന്ധം അവതരിപ്പിച്ചു.