ആലപ്പുഴ: കാലം തെറ്റിപ്പെയ്ത മഴയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നൂറ് മേനി കൊയ്‌തെടുത്ത് പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ കൊട്ടളപ്പാടം പാടശേഖരം.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിഭവനും നൽകിയ പിന്തുണയിലാണ് കൊട്ടളപ്പാടത്ത് നെൽവിത്തെറിഞ്ഞത്. പഞ്ചായത്തിന്റെ ആവശ്യമനുസരിച്ച് പാടശേഖര സമിതിയുമായി കരാറിൽ ഏർപ്പെട്ട് നിലമൊരുക്കി. കൃഷിഭവൻ വഴി ലഭിച്ച, മണ്ണുത്തി കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത മനുരത്‌ന എന്ന വിത്തിനമാണ് 50 ഏക്കർ വരുന്ന പാടത്ത് വിതച്ചത്. നൂറ് മേനി വിളവ് ലഭിച്ച പാടശേഖരത്തിൽ ഇന്ന് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ വിളവെടുപ്പുത്സവം നടത്താനിരിക്കെയാണ് രണ്ട് ദിവസമായി പെയ്ത വേനൽ മഴയിൽ കതിർമണികൾ ചാഞ്ഞ് തുടങ്ങിയത്. തുടർന്ന് അടിയന്തിരമായി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രമോദിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കൊയുത്തുത്സവം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം .പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ വി.വി. വിജയശ്രീ, കൃഷി ഓഫീസർ ക്വീനോ ജോസ്, വില്ലേജ് ഓഫീസർ ഉദയൻ, കർഷകർ, പ്രദേശവാസികൾ, പട്ടണക്കാട്കടക്കരപ്പള്ളി സ്‌കൂളുകളിലെ വിദ്യാർത്ഥിൾ, അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.