വള്ളികുന്നം: വിപ്ളവം തലയ്ക്കുപിടിച്ചു നടന്ന കാലത്തും ജനങ്ങൾക്കിടയിലുണ്ടായിരുന്നു സഖാവ് മണി. വിപ്ളവമൊഴിഞ്ഞ് ജീവിതം തലയ്ക്കു മീതെയൊരു ഭാരം പോലെ തോന്നിയപ്പോഴും സഖാവ് നിരാശപ്പെട്ടില്ല, നല്ല ഒന്നാന്തരം പച്ച മീനുമായി നാട്ടുകാർക്കിടയിൽത്തന്നെയുണ്ട് ഈ വിപ്ളവ നായിക.

വള്ളികുന്നം ഇലിപ്പക്കുളം താഴ്ചയിൽ ടി.രാഘവന്റെ ഭാര്യ മണിയുടെ (65) കഥ വിശദമായി പറഞ്ഞു തുടങ്ങിയാൽ തീരില്ല! കാരണം, 13-ാം വയസിൽ കമ്മ്യൂണിസ്റ്റായതു മുതലുള്ള കഥയുണ്ട്. മീൻ കച്ചവടമാണ് ഇപ്പോഴത്തെ ജീവിത മാർഗം. വിപ്ളവത്തിൽ നിന്ന് മീൻ കച്ചവടത്തിലേക്ക് എത്തിയെങ്കിലും മണിക്ക് തെല്ലുമില്ല നിരാശ.

വള്ളികുന്നത്തെ നിരവധി സമരങ്ങൾ മുന്നിൽ നിന്ന് നയിച്ച ആളാണ് മണി. 1974- 75 കാലഘട്ടത്തിൽ ഇലിപ്പക്കുളത്ത് നടന്ന കൂലിക്കും പദത്തിനും വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ച മണിക്ക് പൊലീസിന്റെ മർദ്ദനവും ഏൽക്കേണ്ടിവന്നു. ഇതോടെയാണ് മണി വള്ളികുന്നത്തെ 'മണി സഖാവ്' ആയത്. ജന്മിമാർക്കെതിരെ പുഞ്ചവാഴ്കപുഞ്ച, പൂവത്തൂർചിറ എന്നിവിടങ്ങളിൽ നാടിനെ പിടിച്ചുകുലുക്കിയ സമരങ്ങൾക്ക് നേതൃത്വം നൽകിയത് മണിയായിരുന്നു.

പിന്നീട് കർഷക തൊഴിലാളി സംഘടനകളുടെ ജില്ലാതലത്തിലേക്കും വനിത സംഘടനകളുടെ നേതൃസ്ഥാനത്തേക്കും എത്തി. 1995- 2015 കാലയളവിൽ വള്ളികുന്നം പഞ്ചായത്തംഗമായി. എല്ലാമൊഴിഞ്ഞപ്പോൾ 'ആഹാര'മായി സഖാവിന്റെ വിഷയം. വീടിനോടു ചേർന്ന് തുടങ്ങിയ ചെറിയൊരു ഹോട്ടലിൽ തുച്ഛമായ നിരക്കിൽ ഊണ് ഉൾപ്പെടെ വിളമ്പി. ഒരു നേരം കഴിക്കാൻ പണമില്ലാത്തവർക്കും മണി ഭക്ഷണം വിളമ്പി.

രണ്ട് വർഷം മുമ്പാണ് മത്സ്യക്കച്ചവടം ആരംഭിച്ചത്. ഇവിടെയും ലാഭം സഖാവിനൊരു വിഷയമല്ല. കലർപ്പില്ലാത്ത നല്ല 'പച്ച മീൻ' മിക്ക ദിവസവും ലഭ്യം. വീടിനു സമീപത്തു നിന്ന് ലഭിക്കുന്ന നാടൻ മത്സ്യവും മണി സഖാവിന്റെ പക്കലുണ്ടാവും, എല്ലാ ദിവസവും.