ആലപ്പുഴ : പൊലീസ് സേനയുടെ തലപ്പത്ത് നടക്കുന്ന അഴിമതിയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാനുള്ള തന്റേടമുണ്ടോയെന്ന് സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പർച്ചേസ് ഇനത്തിലെ 151കോടിയും പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിന് അനുവദിച്ച 180കോടിയും വകമാറ്റി ചെലവഴിച്ചതിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണ് നടത്തിയിട്ടുള്ളത്. പൊലീസ് സേനയിലെ അഴിമതി ആദ്യം പുറത്തു കൊണ്ടുവന്നത് കേരളകൗമുദിയാണ്. ഇതിന്റെ വിശദാംശങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ, സി.എ.ജി റിപ്പോർട്ട് ചോർച്ചയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും അന്വേഷിക്കുന്നത്. ഗാലക്സിയോൺ കമ്പനിയ്ക്ക് മുഖ്യമന്ത്രിയുമായും ഭരണകക്ഷിയുമായുള്ള ബന്ധം വെളിപ്പെടുത്തണം. അഴിമതിയും സ്വജനപക്ഷപാതും ധൂർത്തും നടത്തുന്ന മോദിയുടെ അതേനയമാണ് പിണറായി സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ആദ്യവസാനം പ്രതിപക്ഷനേതാവ് പങ്കെടുത്തു. സൗത്ത് പൊലീസ് സ്റ്റേഷന് കിഴക്കുഭാഗത്തെ നെഹ്രുഭവന് മുന്നിൽ മാർച്ച് സൗത്ത് സി.ഐ.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന നടന്ന സമ്മേളനത്തിൽ സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ അഡ്വ. എസ്.ഗോപകുമാർ, വിശ്വേശ്വര പണിക്കർ, സുനിൽജോർജ്, സി.ബി.മനോജ്,ജ്യോതിമോൾ, മോളി ജേക്കബ്, സജി കുര്യാക്കോസ്, കെ.എസ്. ഡൊമനിക്, എസ്. മുകുന്ദൻ, കെ.ധനപാലൻ, ഷിജു താഹ, ഷെഫീക്ക് , രാജേന്ദ്രൻ, അജയകുമാർ, പി.പി. രാഹുൽ, ഗിരീശൻ, ബെന്നി ജോസഫ്, നുഹ്മ്മാൻ കുട്ടി, ടോമിച്ചൻ തുടങ്ങിയവർ സംസാരിച്ചു.