ആലപ്പുഴ : സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീൽ ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തോറ്റ കുട്ടിയെ മൂന്നാമതും മൂല്യനിർണ്ണയം നടത്തി ജയിപ്പിച്ചതും നിയമവിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച് ജലീൽ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാങ്കേതികത്വം പറയാതെ, അന്തസുണ്ടെങ്കിൽ മന്ത്രി രാജിവെയ്ക്കണം. അല്ലാത്ത പക്ഷം മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. സർവ്വകലാശാല ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ പ്രോചാൻസലറായ മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. മന്ത്രി കെ.ടി.ജലീലിന്റെ അധികാരദുർവിനിയോഗങ്ങളെയും അഴിമതിയെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചതെല്ലാം അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ഗവർണറുടെ തീരുമാനം. ഇക്കാര്യം അന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ താൻ ചെയ്തത് തെറ്റാണെങ്കിൽ ഇനിയും ആ തെറ്റ് ചെയ്യുമെന്നാണ് മന്ത്രി അഹങ്കാരത്തോടെ പറഞ്ഞത്. മന്ത്രിയുടെ ആ അഹങ്കാരത്തിനാണ് ഗവർണർ ഇപ്പോൾ ശിക്ഷ നൽകിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫയൽ അദാലത്തുകൾ നടത്താൻ മന്ത്രി സർവകലാശാലകൾക്ക് നിർദ്ദേശം നല്കിയത്. ഫെബ്രുവരിയിൽ തന്നെയാണ് സർവകലാശാലകളിലെ രജിസ്ട്രാർമാരുടെയും പരീക്ഷാ കൺട്രോളർമാരുടെയും പ്രായപരിധി 60 ൽനിന്ന് 58 ആയി കുറച്ചു സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ആ ഓർഡിനൻസ് ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന രജിസ്ട്രാർമാരെയും പരീക്ഷാ കൺട്രോളർമാരെയും പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ പകരക്കാരെ നിയമിച്ചു. സർവകലാശാലകളെ തന്റെ ചൊൽപ്പടിക്ക് കൊണ്ടുവരാനായിരുന്നു ഇത്. ഇതു രണ്ടും കൂട്ടി വായിക്കുമ്പോൾ മന്ത്രിക്ക് ഗൂഢ പദ്ധതി ഉണ്ടായിരുന്നു എന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി നടത്തിയ എല്ലാ നിയമലംഘനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി സുഗതൻ, എ.എ.ഷുക്കൂർ, അഡ്വ. കോശി എം.കോശി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.