ആലപ്പുഴ- കോട്ടയം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ് നാളെ മുതൽ
ആലപ്പുഴ :കായൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ജലാഗതാഗതവകുപ്പ് വിഭാവനം ചെയ്ത ആലപ്പുഴ- കോട്ടയം പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ടായ 'വേഗ 2' സർവ്വീസ് നാളെ ആരംഭിക്കും. എ.സിയിലും നോൺ എ.സിയിലുമായി 120 പേർക്ക് യാത്ര ചെയ്യാം. ജലഗതാഗത വകുപ്പിന്റെ സാധാരണ ബോട്ടുകളേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ വേഗയ്ക്ക് കഴിയും.
പാതിരാമണൽ ദ്വീപ്, കുമരകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ആലപ്പുഴയിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതയാത്ര ഒരുക്കും വിധമാണ് പുതിയ സർവീസ്. കോട്ടയം- ആലപ്പുഴ റൂട്ടിൽ സഞ്ചരിക്കുന്ന, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാനും വേഗ സഹാകരമാവും. പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിവിടങ്ങളിലാണ് സാധാരണ യാത്രയിലെ സ്റ്റോപ്പുകൾ.
പാസഞ്ചർ സർവീസ്, ഡേ ക്രൂയിസ് സർവീസ് എന്നീ രണ്ട് തരത്തിലാണ് ബോട്ടിന്റെ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
വേഗ സർവീസ് ഉദ്ഘാടനം നാളെ രാവിലെ 9ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് കൗൺസിലർ റാണി രാമകൃഷ്ണൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവൻ എന്നിവർ പങ്കെടുക്കും.
........................................
സാധാരണ യാത്ര
കോട്ടയത്തു നിന്ന് രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30നു ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 7.30നു കോട്ടയത്തും.
യാത്രക്കാരുടെ എണ്ണം
എ.സി ക്യാബിൻ: 40 (നിരക്ക് ₹ 100)
നോൺ എ.സി: 80 (നിരക്ക് ₹ 50)
.............................................
വിനോദ യാത്ര
രാവിലെയും വൈകിട്ടുമുള്ള പാസഞ്ചർ സർവീസുകൾക്കിടയിൽ രാവിലെ 10ന് ആലപ്പുഴയിൽ നിന്ന് ആരംഭിച്ച് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് വഴി ഉച്ചയ്ക്ക് 1.15നു കുമരകം പക്ഷിസങ്കേതത്തിൽ എത്തുന്ന തരത്തിലും തിരികെ 2.15നു പുറപ്പെട്ട് വൈകിട്ട് 4.30നു ആലപ്പുഴയിൽ എത്തിച്ചേരുന്ന തരത്തിലും രണ്ടു ട്രിപ്പുകളായിട്ടാണ് വേഗയിലെ വിനോദ സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്ക്
എ.സി. ക്യാബിൻ : ₹ 300
നോൺ എ.സി: ₹ 200
..............................................
'കുടുംബശ്രീയുടെ സഹായത്തോടെ ബോട്ടിനുള്ളിൽ ഒരു ലഘുഭക്ഷണശാല ക്രമീകരിക്കും, വേഗ സർവ്വീസ് വിജയമാകുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് ജല ഗയാഗയ വകുപ്പ്'
ഷാജി ബി.നായർ,
ജലഗതാഗത വകുപ്പ് ഡയറക്ടർ