എടത്വാ: പ്രളയം നാശം വിതച്ച കുട്ടനാട്ടിൽ അതിജീവനത്തിനായി കൈകോർത്ത വനിത കൂട്ടായ്മയ്ക്ക് വിജയത്തിന്റെ രണ്ട് വർഷങ്ങൾ. തലവടി മൈഥിലി യൂണിറ്റിലെ അഞ്ച് അംഗങ്ങളാണ് സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്തി ലോക വനിതാദിനത്തിൽ ശ്രദ്ധനേടുന്നത്. 2018ലെ പ്രളയശേഷം എല്ലാം നഷ്ടപ്പെട്ട തലവടി ഗ്രാമത്തിലെ അഞ്ച് വനിതകൾ ഒത്തുകൂടിയാണ് യൂണിറ്റിന് രൂപം നൽകിയത്. മായം കലരാത്ത ഭക്ഷ്യസാധനങ്ങൾ സ്വന്തമായി ഉണ്ടാക്കി വിതരണം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കൃഷ്ണപുരത്തുവെച്ച് ഇവർക്ക് പരിശീലനം നൽകി. മിഷന്റെ നിർദ്ദേശ പ്രകാരം തുടങ്ങിയ യൂണിറ്റിൽ പച്ച ഏത്തയ്ക്ക ഉപയോഗിച്ച് കുട്ടികൾക്കുള്ള എനർജി ഫുഡ്, ഉപ്പേരി, പഴംപൊരി, പഴത്തൊലിയിൽ നിന്ന് കട്ലറ്റ്, കപ്പയിൽ നിന്ന് പുട്ടുപൊടി, കപ്പ ഉപ്പേരി, കട്ലറ്റ് എന്നിവ ഉണ്ടാക്കി നൽകുന്നു. വറുക്കാനായി ഉപയോഗിക്കുന്ന എണ്ണ ഒരുദിവസത്തിൽ കൂടുതൽ ഉപയോഗിക്കാറില്ല. ഈ എണ്ണയിൽ നിന്ന് സോപ്പ് നിർമ്മാണവും യൂണിറ്റ് അംഗങ്ങൾ ചെയ്യാറുണ്ട്. ജൈവ വളം ഉപയോഗിച്ച് സ്വന്തമായി കൃഷി ചെയ്തെടുത്ത ഉത്പന്നങ്ങളാണ് ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. തലവടി പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപം താത്കാലിക ടെന്റ് കെട്ടി വിപണന മേഖല കണ്ടെത്തുകയാണ് ഈ വനിതകൾ. സ്വന്തമായി പണം മുടക്കിയാണ് ഭക്ഷ്യവിഭങ്ങൾ തയ്യാറാക്കാനുള്ള പാത്രങ്ങളും ഗ്യാസ് കണക്ഷനും സംഘടിപ്പിച്ചത്. ബിന്ദു സാബു, ബിന്ദു സിനു, പുഷ്പ പ്രതീപ്, ഗിരിജ സജൻ, സാറാമ്മ തോമസ് എന്നിവരാണ് യൂണിറ്റിലെ അംഗങ്ങൾ.