കിഴക്കിന്റെ വെനീസായി തിളങ്ങണമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ആലപ്പുഴയുടെ പുനഃസൃഷ്ടിക്ക് മുഖ്യമന്ത്രി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലയിൽ പാതിവഴിയിൽ കിതയ്ക്കുന്ന പദ്ധതികളൊക്കെ വലിയ താമസമില്ലാതെ പ്രാവർത്തികമാകുമെന്ന് പ്രത്യാശിക്കാം. ആലപ്പുഴ 'കിഴക്കിന്റെ വെനീസെ'ന്ന് അഭിമാനത്തോടെ പറയാൻ സാധിക്കണമെന്നാണ്, കിഫ്ബി വഴി നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ജില്ലാതല പ്രദർശനത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ആലപ്പുഴയ്ക്കായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. അനുമതി നൽകിയിട്ടുള്ള 86 പദ്ധതികൾക്കായി 3187 കോടി സർക്കാർ ചെലവിടുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് അടുത്ത മഴയ്ക്ക് മുമ്പ് നീക്കം ചെയ്യും. കുട്ടനാടിന് സർക്കാർ പ്രത്യേക കരുതലാണ് നൽകുന്നത്. കുടിവെള്ള വിതരണത്തിനും ആരോഗ്യ, ഗതാഗത മേഖലകളുടെ വികസനത്തിനും സമഗ്രമായ സമീപനം കൈക്കൊള്ളും. കുട്ടനാട്ടിലെ 13 ഗ്രാമപഞ്ചായത്തുകൾക്കായി 242 കോടിയുടെ പുത്തൻ ജലവിതരണ സംവിധാനം നടപ്പാക്കും. പ്രളയകാലത്ത് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുട്ടനാട്. ഇനി അത് ആവർത്തിക്കാൻ പാടില്ല. ആലപ്പുഴ- ചങ്ങനാശേരി റോഡ് നവീകരിക്കുന്നതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഏതു പ്രളയത്തെയും അതിജീവിക്കുന്ന റോഡാവും നിർമ്മിക്കുക.
പൈതൃക ടൂറിസം നഗരം എന്ന ആശയത്തിൽ നിന്നാവും ആലപ്പുഴ പട്ടണത്തിന്റെ വികസനം. പട്ടണത്തിന്റെ ജീവനാഡിയായ കനാലുകളുടെ നവീകരണമാണ് പരമപ്രധാനം. പൂർത്തീകരണ ഘട്ടത്തിലാണ് ആലപ്പുഴ ബൈപാസ്. രണ്ടാം ബൈപാസും പ്രഖ്യാപിച്ചു കഴിഞ്ഞു. കയർ വ്യവസായത്തിന്റെ പറുദീസയാണ് ആലപ്പുഴ. കയർ മ്യൂസിയം, കടൽപ്പാല മ്യൂസിയം എന്നിവയുൾപ്പെടെ ഒരു പിടി മ്യൂസിയങ്ങളും ആലപ്പുഴയിൽ സജ്ജമാക്കുന്നുണ്ടെന്നും പറവൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
'പണത്തിന്റെ കാര്യത്തിൽ പേടിയില്ല'
വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാരിന് പണത്തെക്കുറിച്ച് തെല്ലും പേടിയില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്തി ഡോ.തോമസ് ഐസക്ക് പറഞ്ഞു. പദ്ധതികൾക്ക് വഴിമുടക്കാൻ ആരും നിൽക്കരുതെന്ന് മാത്രം. മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയിലേക്കാണ് വരുന്നത്. പെട്രോളിയം ഉത്പന്നത്തിനും മദ്യത്തിനുമടക്കം ഏർപ്പെടുത്തുന്ന സെസുകളും വരുമാനമാർഗ്ഗമാണ്. മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയാക്കിയ 65 കിലോമീറ്റർ ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും. കോവളം മുതൽ ബേക്കൽ വരെയുള്ള ബോട്ട് സർവീസ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. 440 കെ.വി ലൈൻ നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് പവർകട്ട് ഇല്ലാതാവുമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.