ആലപ്പുഴ: വീട്ടിൽ ഭാര്യയുമായി കലഹമുണ്ടാക്കിയ ശേഷം നഗരത്തിലെ മദ്യവില്പന ശാലയിലെത്തി പ്രശ്നമുണ്ടാക്കിയ, ക്രിമിനൽ കേസ് പ്രതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി. ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ നടത്തിയ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു.

ജില്ലാക്കോടതി പാലത്തിന് സമീപമുള്ള വിദേശമദ്യവില്പന ശാലയ്ക്ക് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ നഗരസഭ ചുങ്കം പുതുവൽ വീട്ടിൽ അജയ് (42) ആണ് നഗര മദ്ധ്യത്തിൽ ഒരു മണിക്കൂറോളം ജനങ്ങളെ മുൾ മുനയിൽ നിറുത്തിയത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അൻവറിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

ഭാര്യയുമായി വഴക്കിലായിരുന്ന അജയ് ഏറെ ദിവസങ്ങൾക്ക് ശേഷം ഇന്നലെ ഗുരുപുരത്തെ വാടകവീട്ടിൽ എത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചതോടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ അടക്കമുള്ള ഗൃഹോപകരണങ്ങൾ എടുത്തുകൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചു. ഇതോടെ ഭാര്യ കവിത ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അജയ് യെ അന്വേഷിച്ചെത്തിയ മൂന്നംഗ പൊലീസ് സംഘം മദ്യവില്പനശാലയ്ക്ക് സമീപത്തു നിന്നു ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. ജീപ്പിനടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നിലത്തുവീണ അജയ് യുടെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും അക്രമം കാട്ടാൻ തുടങ്ങിയതോടെ കൂടുതൽ പൊലീസ് സംഘം എത്തി. ഇതിനിടെ മദ്യം വാങ്ങി പരസ്യമായി ഇയാൾ കഴിക്കുകുകയും ചെയ്തു. പൊലീസിന്റെ ബലപ്രയോഗത്തിൽ ചെറുത്തു നിന്ന ഇയാളെ എല്ലാവരും ചേർന്നാണ് ജീപ്പിൽ കയറ്റിയത്.ജനങ്ങളുടെ കൈയ്യേറ്റത്തിൽ സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു

13ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളാണ് അജയ്-കവിത ദമ്പതികൾക്കുള്ളത്. വീട്ടുകലഹത്തിനിടിയിൽ മൂന്ന് വർഷം മുമ്പ് ഇളയ പെൺകുട്ടിയെ ഭിത്തിയിൽ അടിച്ച് പരിക്കേൽപ്പിച്ചതിന് ഇയാൾക്കെതിരെ നോർത്ത് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസുണ്ട്. അമ്പനാകുളങ്ങര ഭാഗത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന അജയ് വീട്ടിൽ എപ്പോഴും കലഹമുണ്ടാക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കിൽ നിരവധി തവണ പൊലീസ് ഇടപെട്ടിട്ടുണ്ട്.