pinarayi-vijayan
PINARAYI VIJAYAN

ആലപ്പുഴ:കിഫ്ബി മുഖേനയുള്ള പദ്ധതികൾ ഗുണനിലവാരവും സമയക്രമവും പാലിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പദ്ധതികളിലേക്ക് പണം വരുന്നതും പോകുന്നതും തീർത്തും സുതാര്യമായാണ്.ഇത് പരിശോധിക്കാൻ വിദഗ്ദ്ധസമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയിലൂടെ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ആലപ്പുഴ ജില്ലാതല പ്രദർശന ഉദ്ഘാടനം ഇ.എം.എസ് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി പദ്ധതികളെ അഭിനന്ദിച്ചില്ലെങ്കിലും ആക്ഷേപിക്കരുത്. ഒരു ബാങ്ക് തകർന്നതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ ചിലർ ആക്ഷേപം ഉന്നയിച്ചു. എന്നാൽ ഈ ബാങ്കിന്റെ അവസ്ഥ മുൻകൂട്ടിക്കണ്ട് അതിലെ നിക്ഷേപം കിഫ്ബി പിൻവലിച്ചിരുന്നു.കിഫ്ബിയുടെ കൃത്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് പദ്ധതിയും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തും. പ്രവാസി ചിട്ടി 150 കോടി രൂപ സമാഹരിച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി വഴി രണ്ടു മാസത്തിനുള്ളിൽ 50 കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്റി പറഞ്ഞു.
ഡോ.ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ,എ.എം.ആരീഫ്.എം.പി,എം.എൽ.എമാരായ സജിചെറിയാൻ, യു.പ്രതിഭ, ആർ.രാജേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ,കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.കെ.എം.എബ്രഹാം,സി.പി.എം.ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ കളക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിച്ചു.