ആലപ്പുഴ: സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നവർക്ക് ലഭിക്കുന്ന ആത്മാഭിമാനം വലുതാണെന്നും അതിന് സർക്കാർ കൈക്കൊണ്ട നടപടികൾ വലിയ ആഹ്ളാദം ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പറവൂരിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്റി.

രണ്ടു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് സ്വന്തമായപ്പോൾ ലഭിച്ച സന്തോഷം സർക്കാരിന്റെ സന്തോഷം കൂടിയാണ്. ഭവന സമുച്ചയം പദ്ധതികൾക്ക് രൂപം നൽകുമ്പോൾ പല തലത്തിൽപ്പെട്ട ആളുകളാണ് ഒരു കുടക്കീഴിൽ ജീവിതം ആരംഭിക്കുന്നത്. സ്വാഭാവികമായി ഉയർന്നുവരുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഭവനസമുച്ചയങ്ങളിലെ കൂട്ടായ്മയും കുടുംബാന്തരീക്ഷവും ശക്തിപ്പെടുത്താൻ സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടവരും മുൻകൈയെടുക്കണം. മ​റ്റു ജില്ലകളിലും ചെറിയ പ്ളോട്ടുകളിൽ ഭവനസമുച്ചയം യാഥാർത്ഥ്യമാകുന്നുണ്ടെങ്കിലും ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലി​റ്റി വിട്ടുനൽകിയ 2.15 ഏക്കറിലാണ് ഭവനസമുച്ചയം വരുന്നത്.

ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി, തഴക്കര, പള്ളിപ്പാട് എന്നീ സ്ഥലങ്ങളിലും ഭവനസമുച്ചയം ഉദ്ദേശിക്കുന്നുണ്ട്. വ്യക്തികൾ സ്ഥലം വാങ്ങി ലൈഫ് പദ്ധതിക്കായി കൈമാറുന്നുണ്ട്. കടയ്ക്കൽ അബ്ദുള്ള എന്ന വ്യക്തി ഇത്തരത്തിൽ സംഭാവന ചെയ്തിട്ടുണ്ട്.

ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടാത്ത, അർഹതയുള്ളവർ പുറത്തുണ്ടെന്ന് പൊതു അഭിപ്രായമുണ്ട്. അതിനാൽ നിലവിലെ പട്ടികയിലെ ഗുണഭോക്താക്കളെ കൂടാതെ മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി മ​റ്റൊരു പട്ടിക തയ്യാറാക്കാൻ പദ്ധതിയുണ്ട്. എല്ലാവർക്കും വീട് എന്ന യാഥാർത്ഥ്യത്തിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്റി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ട് ലക്ഷം വീട് നിർമ്മിക്കുന്നതിലൂടെ സമ്പൂർണ്ണ വിജയത്തിൽ എത്തിയെങ്കിലും വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ വീടില്ലാത്തവർ ഉണ്ടാകും. കുടുംബങ്ങൾ വലുതാകുകയാണ്. എന്നാൽ ഭൂമിയിൽ മാ​റ്റങ്ങൾ സംഭവിക്കുന്നില്ല. ഭവന സമുച്ചയം പോലെ ഒരുപാട് കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന പദ്ധതി വളരെ വിജയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി.ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രീ ഫാബ്രിക്കേ​റ്റഡ് നിർമ്മാണ രീതിയിലാണ് ഭവനസമുച്ചയം നിർമ്മിക്കുന്നതെന്നും എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ രേഖകൾ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യമന്ത്റിക്ക് കൈമാറി. എ.എം. ആരിഫ് എം.പി, എം.എൽ.എ മാരായ യു. പ്രതിഭ, ആർ. രാജേഷ്, സജി ചെറിയാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ, ലൈഫ് മിഷൻ ജില്ല കോ ഓർഡിനേ​റ്റർ പി.പി. ഉദയസിംഹൻ എന്നിവർ പങ്കെടുത്തു.