minibar

വള്ളികുന്നം: വള്ളികുന്നത്ത് വീട്ടിൽ 'മിനി ബാർ" നടത്തിയിരുന്ന മദ്ധ്യവയസ്കയെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം താളിരാടി സജി ഭവനത്തിൽ സരോജിനിയാണ് (59) ഇന്നലെ രാവിലെ പിടിയിലായത്. വിദേശ മദ്യശാലകളിൽ നിന്നു വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി 200 രൂപ നിരക്കിലാണ് ഇവർ ആവശ്യക്കാർക്ക് നൽകിയിരുന്നത്. രാവിലെ മുതൽ മദ്യപാനികളുടെ തിരക്കാണിവിടെ . ബാറുകൾ തുറക്കാത്ത ദിവസങ്ങളിൽ ഇവിടെ ഇരുന്ന് കഴിക്കുന്നതിന് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

എക്സൈസ് വരുന്നത് അറിയാൻ നിരീക്ഷണത്തിനായി പല ഭാഗങ്ങളിലും കൂലിക്ക് ആളുകളെ നിർത്തിയിരുന്നതിനാൽ പലപ്പോഴും ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങളായി ഇവരുടെ വീടും പരിസരവും എക്സൈസിന്റെ നിരീക്ഷണത്തിലായിന്നു. സരോജിനിയുടെ വീടിന് സമീപത്തുള്ള ബിനിഷ് ഭവനത്തിൽ ശോഭനയെ അടുത്തിടെ മദ്യവില്പനക്കിടെ അറസ്റ്റ് ചെയ്തിരുന്നു. സരോജിനിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, അബ്ദുൾ ഷുക്കൂർ,സി ഇ ഒ മാരായ രാജീവ്, രാകേഷ് ക്യഷ്ണൻ, അശോകൻ , വിജയലക്ഷ്മി , അനിതകുമാരി എന്നിവർ പങ്കെടുത്തു.