ambala

അമ്പലപ്പുഴ :ചൂട് കനത്തതോടെ, മേൽക്കൂരയിൽ തകര ഷീറ്റുകൾ പാകിയ ഇടുങ്ങിയ മുറിയിൽ വെന്തുരുകി അഗ്നിശമന സേന തകഴി നിലയത്തിലെ ജീവനക്കാർ . തകഴിയിൽ അഗ്നി ശമന സേനയുടെ പ്രവർത്തനം ആരംഭിച്ച് 4 വർഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. 24 മണിക്കൂറും ജോലി നോക്കുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോലും സൗകര്യമില്ല. രണ്ട് സീനിയർ ഫയർ ഓഫീസർ, 12 സിവിൽ ഫയർ ഓഫീസർമാർ ,നാലു ഡ്രൈവർമാർ ,2 മെക്കാനിക് ,4 ഹോം ഗാർഡ് ,ഒരു സ്വീപ്പർ ഉൾപ്പെടെ 25 ജീവനക്കാരാണ് ഇവിടെ ഉള്ളത് . ഓഫീസിൽ ആകെയുള്ള ഒരു കംപ്യൂട്ടർ ഷെഡിനുള്ളിലെ പൊടി കാരണം പുറത്ത് എടുക്കാൻ പോലും കഴിയാതെ മൂടി വച്ചിരിക്കുകയാണ് .രണ്ടു വാഹനങ്ങളാണ് ഇവിടെ ഉള്ളത്. ഒന്ന് തകരാറിലായി പാലത്തിന്റെ അടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങായി . തകഴി പാലത്തിന് സമീപം 24 സെൻ്റ് ഭൂമിയാണ് അഗ്നി ശമന യൂണിറ്റിനായി നൽകിയിട്ടുള്ളത്. ഈ ഭൂമിയിലും ഇതിനോട് ചേർന്നുള്ള വഴിയുടെ മേലും തർക്കം നില നില്ക്കുകയാണ്. ഇത് പരിഹരിച്ച് അളന്ന് തിരിച്ചാൽ മാത്രമേ അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ സാധിക്കൂ.