ആലപ്പുഴ: വിവാദങ്ങൾക്ക് വിരാമമിട്ട് ജില്ലാ പഞ്ചായത്തിന്റെ സ്ത്രീസൗഹൃദ കേന്ദ്രം അന്തർദേശീയ വനിതാ ദിനത്തിൽ പ്രവർത്തനം തുടങ്ങി. അന്യ ജില്ലകളിൽ നിന്ന് ജോലിയ്ക്കോ മറ്റ് ആവശ്യങ്ങൾക്ക് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുവാനും പുസ്തകം വായിക്കുവാനും യോഗ പരിശീലനം നടത്തുവാനും കഴിയുന്ന സംവിധാനങ്ങളാണ് സ്ത്രീസൗഹൃദ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. അഡ്വ. യു.പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് നഗരത്തിൽ 60സെന്റ് സ്ഥലത്ത് ഡോർമെട്രി സംവിധാനത്തോടെ മനോഹരമായ കെട്ടിടവും ജെൻഡർ പാർക്കും നിർമ്മിച്ചത്. പദ്ധതിയുടെ തുടക്കം മുതലേ മുന്നണിയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നെങ്കിലും പദ്ധതിയുമായി പ്രതിഭ മുന്നോട്ട് പോയി. 2015സെപ്തംബർ 15ന് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ജി.സുധാകരൻ നിർവഹിച്ചു. ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി സ്ത്രീസൗഹൃദ കേന്ദ്രത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി 25ലക്ഷം രൂപ നീക്കിവെച്ചു. ശീതികരിച്ച മുറിയാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പിന്റെ കൂട് പദ്ധതിയും കുറഞ്ഞവിലയിൽ ഊണ് നൽകുന്ന പദ്ധതിയും ഇവിടെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യു.പ്രതിഭ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
സ്ത്രീസൗഹൃദ കേന്ദ്രത്തിൽ
2000പുസ്തകത്തോടെയുള്ള സ്ത്രീസൗഹൃദ ലൈബ്രറി,
യോഗാ കേന്ദ്രം
നാലുപേർക്ക് താമസത്തിനുള്ള ശീതീകരിച്ച മുറി
16പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമെട്രി സംവിധാനം,
കൗൺസിലിംഗ് സെന്റർ,
സൗജന്യ നിയമസഹായ കേന്ദ്രം
താമസ സൗകര്യം സൗജന്യമാണ്
25:ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി നീക്കിവച്ചത് 25 ലക്ഷം
60: 60സെന്റ് സ്ഥലത്താണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും
വനിതകൾക്ക് 50 ശതമാനം സംവരണം
ഏർപ്പെടുത്തണം: ജി.സുധാകരൻ
ആലപ്പുഴ: പാർലമെന്റിലും നിയമസഭയിലും വനിതകൾക്ക് 50ശതമാനം സംവരണം ഏർപ്പെടുത്താൻ അടിയന്തര നിയമനിർമ്മാണം അനിവാര്യമാണെന്നാണ് ഇടത് പക്ഷത്തിന്റെ അഭിപ്രായമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സ്ത്രീസൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ട് തവണ യു.പി.എ സർക്കാർ ഇതിന് ആവശ്യമായ ബിൽ പാർലമെന്റിൽ കൊണ്ടുവന്നെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ അവതരിപ്പിക്കാൻ സാധിച്ചില്ല. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ എം.പിമാരാണ് ആദ്യം ഇറങ്ങിപ്പോകുന്നത്. ഇപ്പോൾ 52ശതമാനത്തിൽ അധികം സ്ത്രീകൾ സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിൽ അംഗങ്ങളാണ്. സംവരണം പാർലമെന്റിലും നിയമസഭയിലും വരണം. രാത്രി നടത്തം നല്ലതാണെന്നും ഒറ്റക്ക് നടക്കരുതെന്നും കൂട്ടായിവേണം നടക്കാനെന്നും ജി.സുധാകരൻ പറഞ്ഞു.