ആലപ്പുഴ: ചെട്ടികാട് ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള നിർമ്മിതി പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ നിയമസഭ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി അനുമതി ലഭിച്ച ചെട്ടികാട് ആശുപത്രിയുടെ നവീകരണത്തിന് 92.1 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
ജില്ലയിലെ ഒമ്പത് കനാലുകളുടെ നവീകരണം യോഗം ചർച്ച ചെയ്തു. മേയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നാലു കോടി രൂപ നീക്കി വയ്ക്കാനും മന്ത്രി നിർദ്ദേശിച്ചു.
ജില്ലയിൽ ആകെ 98 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തു നടത്തുന്നത്. ഇതിൽ 65 പദ്ധതികൾക്ക് അനുമതി നൽകി. 17 പദ്ധതികൾ പരിഗണനയിലാണ്. സ്‌കൂളുകളുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കിലയും കിഫ്ബിയും ചേർന്ന് 16 പദ്ധതികൾക്കും രൂപം നൽകി. 3886.34 കോടി രൂപയാണ് ജില്ലയിലെ പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ളത്. പദ്ധതികൾ തട്ടിക്കളിക്കാതെ സമയബന്ധിതമായി പൂർത്തീകരിക്കണം.
അരൂർ, ചെങ്ങന്നൂർ, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, കായംകുളം, ഹരിപ്പാട്, കുട്ടനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ കിഫ്ബി പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗം വിശകലനം ചെയ്തു. 394. 60 കോടിയുടെ 10 പദ്ധതികൾക്കാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ചെങ്ങന്നൂരിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയം നിർമ്മാണത്തെക്കുറിച്ച് സജി ചെറിയാൻ എം. എൽ. എ മുന്നോട്ടുവെച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. 9 പദ്ധതികളിലായി 296.58 കോടിയാണ് അരൂർ മണ്ഡലത്തിൽ കിഫ്ബി അനുവദിച്ചിരുന്നത്. ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് വേഗത്തിലാക്കണമെന്ന് എ.എം. ആരിഫ് എം.പി ആവശ്യപ്പെട്ടു. മാവേലിക്കരയെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതിയകാവ് - പള്ളിക്കൽ റോഡിന്റെ നിർമ്മാണത്തിന് അനുമതി നൽകുന്നതിലെ തടസങ്ങൾ നീക്കണമെന്ന് ആർ. രാജേഷ് എം.എൽ.എ.