ഇ.എം.എസ് സ്റ്റേഡിയത്തിലെ കിഫ്ബി പ്രദർശനം ശ്രദ്ധേയം
ആലപ്പുഴ: കിഫ്ബി വഴി സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളുടെ പ്രചാരണത്തിനും ബോധവത്കരണത്തിനുമായി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള നിർമ്മിതി പ്രദർശനം ശ്രദ്ധേയമായി. പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാളെ അവസാനിക്കും.
സംസ്ഥാനത്തുടനീളം കിഫ്ബി വഴി നിർമ്മിക്കുന്ന പ്രധാന പദ്ധതികളുടെ ത്രിമാന രൂപങ്ങളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ പ്രധാന പദ്ധതികളായ ജില്ലാക്കോടതി പാലം, കായംകുളം സിനിമാ തീയേറ്റർ സമുച്ചയം, തുറവൂർ താലൂക്ക് ആശുപത്രി, പെരുമ്പളം പാലം, ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണം, ആലപ്പുഴ മൊബിലിറ്റി ഹബ് തുടങ്ങിയവയുടെയും സംസ്ഥാനത്തെ പ്രധാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ, കുതിരാൻ തുരങ്കം, വയനാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയുടെയും ത്രിമാന മാതൃകകൾ ആകർഷകമായി.
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നിർമ്മാണത്തിനാവശ്യമായ തുക, വിസ്തൃതി, പദ്ധതി സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദീകരിച്ചുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ലഭിക്കാനായി ക്യു ആർ കോഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നതിനായി പ്രത്യേകം നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പുറമെയാണിത്. പ്രദർശനം കാണാനെത്തിയവർക്കായി സംശയ നിവാരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനം തന്നെ നൂറുകണക്കിന് ആളുകളാണ് ഇ.എം.എസ് സ്റ്റേഡിയത്തിൽ എത്തിയത്.
കിഫ്ബിക്കു കീഴിലെ നിർമ്മാണ ജോലികളുടെ ഗുണനിലവാരം സാങ്കേതികമായി പരിശോധിക്കാനും വിലയിരുത്താനും ഉപയോഗിക്കുന്ന കിഫ്ബി ഓട്ടോ ലാബ് വാൻ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ഡ്രോണുകളും കാമറകളും പരിശോധന ഉപകരണങ്ങളും ഓഫീസ് സൗകര്യവും ഒക്കെയുള്ള വാൻ, നിർമ്മാണ ജോലികളുടെ ഓരോ ഘട്ടവും വേഗത്തിൽ ഗുണനിലവാര പരിശോധന നടത്തി തുടർ നടപടികൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ്. കിഫ്ബി സംസ്ഥാനമൊട്ടാകെ കൊണ്ടുവന്ന പദ്ധതികളും പ്രദർശിപ്പിക്കുന്ന കേരള ത്രീഡി മോഡലും പ്രദർശനത്തിലെ മറ്റൊരു ആകർഷണമാണ്.