ആലപ്പുഴ: കേന്ദ്രഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുത്തൻകരി - അറുനൂറ്റം പാടശേഖരത്തിലെ വെള്ളക്കെട്ട് നിവാരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട് പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട്ടിൽ ഉടൻ നടത്തും. നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 108.6 ഹെക്ടർ പാടശേഖരത്തെ ഉൾക്കൊള്ളിച്ചുള്ള പദ്ധതിയിലൂടെ 123 നെൽകർഷകർക്ക് പ്രയോജനം ലഭിക്കും. 2.4 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തോടുകളുടെ ആഴംകൂട്ടി ബണ്ടുകൾ കൂടുതൽ ബലപ്പെടുത്തും. ഇതിലൂടെ കൃഷി ശക്തിപ്പെടുത്താനും കൂടുതൽ വിളവിനും വഴിയൊരുക്കാനാവും. കഞ്ഞിപ്പാടം -വൈശ്യംഭാഗം റോഡ്, അമ്പലപ്പുഴ -തിരുവല്ല റോഡ് എന്നിവ ആധുനിക രീതിയിൽ നിർമ്മിച്ചു. ഇനിയൊരു പ്രളയമുണ്ടായാലും അതിജീവിക്കുന്ന തരത്തിൽ ആലപ്പുഴ - ചങ്ങനാശേരി റോഡ് ഉയർത്തിപ്പണിയും. കർഷകരുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഈ സർക്കാർ കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ആന്റണി ഓസ്റ്റിൻ പദ്ധതി വിശദീകരിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ചാക്കോ, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, നെടുമുടി ഗ്രാമപഞ്ചായത് വികസന കമ്മിറ്റി സ്റ്റാൻഡിംഗ് ചെയർമാൻ വി. ശശി, റുബി ആന്റണി, ശശികുമാർ, ആർ.നാരായണപിള്ള, ഹരിദാസ് കൃഷ്ണപുരം, എൻ.വി.നാരായണദാസ്, ബെന്നി പതിനാറിൽ, എബ്രഹാം തൈത്തോട്ടം, കൃഷി ഓഫീസർ പ്രദീപ്, കെ.സത്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.