കുട്ടനാട്: അസുഖത്തിന്റെ ആധിക്കിടയിലും പഠനം തുടർന്ന്, പരീക്ഷ വിജയിച്ച് ജോലിയിൽ പ്രവേശിച്ച ധന്യയ്ക്ക് (25) ഇനി ആ നേർവരയിലൂടെ നടക്കണമെങ്കിൽ വേണം നാടിന്റെ കനിവ്. ഇരു വൃക്കകളും തകരാറിലായ ഈ മാലാഖയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
രാമങ്കരി പഞ്ചായത്ത് വേഴപ്ര ഇരുപതിൽചിറ രാധാകൃഷ്ണൻ- നിർമ്മല ദമ്പതികളുടെ മൂത്തമകളാണ് ധന്യ. 2012ൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് ചേർന്ന ശേഷമാണ് രോഗം പിടിപെടുന്നത്. അസുഖം ഓരോ ദിവസവും ശക്തിപ്പെടുമ്പോഴും ലക്ഷ്യബോധം കൊണ്ട് വേദനകളെ മറികടന്ന ധന്യ നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. ധന്യയുടെ ചെറിയ വരുമാനം കുടുംബത്തിന് വലിയ ആശ്വാസമാണ് പകർന്നത്.
പക്ഷേ, അടുത്തിടെ രോഗം കലശലായി. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് വൃക്കകൾ രണ്ടും തകരാറിലായെന്നും മാറ്റി വെക്കേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞത്. എട്ടര ലക്ഷമെങ്കിലും ചെലവാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അമ്മ നിർമ്മലയുടെ വൃക്ക ധന്യയ്ക്ക് യോജിക്കുമെന്ന് കണ്ടെത്തിയത് നേരിയ പ്രതീക്ഷ നൽകി. എങ്കിലും ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണിപ്പോൾ ഈ കുടുംബം. വിവരം അറിഞ്ഞ നാട്ടുകാർ ധന്യയുടെ ജീവൻ രക്ഷിക്കാനായി ജീവൻ രക്ഷാസമിതിക്കു രൂപം നൽകി.
പിതാവ് രാധാകൃഷ്ണന്റെ പേരിൽ ഫെഡറൽ ബാങ്ക് കിടങ്ങറ ശാഖയിൽ 12390100207621 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ്: എഫ്.ഡി.ആർ.എൽ 0001239. ദിവ്യയും ഹരികൃഷ്ണനുമാണ് ധന്യയുടെ സഹോദരങ്ങൾ.