മാരാരിക്കുളം:കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ മുഴുവൻ തൊഴിലാളികളെയും ബദലികളാക്കാൻ തീരുമാനിച്ചു.ഇത് നടപ്പാകുന്നതോടെ തൊഴിലാളികളുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവും മറ്റാനുകൂല്യങ്ങളും ലഭിക്കും. മന്ത്റി ഡോ.ടി എം തോമസ് ഐസക്ക് സ്പിന്നേഴ്‌സിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി ആലപ്പുഴ ഗസ്റ്റ്ഹൗസിൽ നടത്തിയ ചർച്ചയിലാണ് തൊഴിലാളികൾക്കും മില്ലിനും ഗുണകരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
നിലവിലെ സീനിയർ തൊഴിലാളികളെയും ട്രെയ്‌നിംഗ് തൊഴിലാളികളെയും ബദലികളാക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടനെ ഇറക്കും. സീനിയോറിറ്റി പ്രശ്നവും അടുത്ത ചർച്ചയിൽ പരിഹരിക്കും.വൈദ്യുതി പ്രശ്നം പരിഹരിക്കാൻ 3 കോടി രൂപ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് ശനിയാഴ്ച കൈമാറി. നാളെ വൈദ്യുതി ബോർഡിന് ഫണ്ട് കൈമാറും. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്പനിയിലെ വൈദ്യുതി കണക്ഷൻ അപ്‌ഗ്രേഡ് ചെയ്യുന്നതോടെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഓട്ടോ കോൺ വാങ്ങാൻ 5.82 കോടി അനുവദിച്ചു.ട്രഷറിയിൽ ഡോക്കറ്റ് നമ്പർ ആയി പർച്ചേസ് ഓർഡർ വരെ എത്തിയിട്ടുണ്ട്. കെ.എ.ഫ്.സി വഴി ഓട്ടോ കോൺ കമ്പിനിക്ക് തുക കൈമാറും. മില്ലിന് പ്രവർത്തന മൂലധനമായി 2.5 കോടി രൂപ നൽകും.വീവിംഗിന് ഇപ്പോൾ അങ്കണവാടി വർക്കർമാരുടെ ഓവർ കോട്ടിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. തുടർന്ന് ആരോഗ്യ വകുപ്പ് അടക്കമുള്ള ഗവൺമെന്റ് വകുപ്പുകളിൽ നിന്ന് ഓർഡർ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. ടെക്സ്റ്റൈൽ കോർപ്പറേഷനെ ഗവ.നോഡൽ ഏജൻസിയാക്കും. 3 ഷിഫ്റ്റ് ആയി മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകും. കമ്പനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തീരുമാനമായി.
എന്നാൽ ഗവൺമെന്റ് ഓർഡർ വന്നതിന് ശേഷം തീരുമാനത്തിൽ ഒപ്പിടാം എന്ന നിലപാടാണ് എ.ഐ.ടി.യു.സി സ്വീകരിച്ചത്.
ചെയർമാൻ സി.ആർ.വിത്സൻ, എം.ഡി. കെ.ടി.ജയരാജ്,സി.ബി. ചന്ദ്രബാബു, ആർ.റിയാസ്, പി.രഘുനാഥ്,പി.സബ്ജു,ലൈജു (സി.ഐ.ടി.യു), എ.എ ഷുക്കൂർ,പി.തമ്പി,സി.ലാൽ, എസ് പൊന്നപ്പൻ (ഐ.എൻ.ടി.യു.സി), പുരുഷൻ, ആർ രാജീവ് (ബി.എം.എസ്), ടി.ആർ ആനന്ദൻ, പി.വി .സുധാകരൻ, കെ.കെ. ഉല്ലാസ് (എ.ഐ.ടി.യു.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു