ആലപ്പുഴ: കൊറോണ സ്ഥിരീകരിച്ച യാത്രികർ, കേരളത്തിൽ എത്തിയ ശേഷം അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് കളക്ടർ അറിയിച്ചു. പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നു നാട്ടിലേക്കു യാത്ര ചെയ്ത വിമാനങ്ങളിൽ ഈ ദിവസങ്ങളിൽ യാത്ര ചെയ്തവർ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലോ റിപ്പോർട്ട് ചെയ്യണം. നിലവിൽ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ നിർബന്ധമായും ഈ നമ്പരുകളിൽ റിപ്പോർട്ട് ചെയ്യണം. ദിശ: 0471 2552056, 0477 2239999, 0477 2251650.


 ആരാധനാലയങ്ങളിൽ ശ്രദ്ധവേണം

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബോധവത്കരണ അറിയിപ്പുകൾ ജില്ലയിലെ ആരാധനാലയങ്ങളിൽ പ്രദർശിപ്പിക്കും. ആരാധനാലയങ്ങളുടെ പ്രതിനിധികളുമായി കളക്ടറേറ്റിൽ കളക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ജില്ല ഭരണകൂടത്തിൽ നിന്നു നൽകുന്ന ബോധവത്കരണ വീഡിയോകളും അറിയിപ്പുകളും ആരാധനാലയങ്ങളിൽ പ്രദർശിപ്പിക്കും. അനൗൺസ്മെൻുകളും നടത്തും. ചുമ, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ ആരാധനാലയങ്ങളിൽ വരാതെ ശ്രദ്ധിക്കാനും നിർദ്ദേശം നൽകി.

ജനങ്ങൾ പൊതുവായി ഉപയോഗിക്കുന്ന പൈപ്പ്, ശുചിമുറി എന്നിവ പ്രത്യേകം ബ്ലീച്ചിംഗ് പൗഡർ ലായനി ഉപയോഗിച്ച് ശുചിയാക്കണം. ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടീസ്പൂൺ (15 ഗ്രാം) ബ്ളീച്ചിംഗ് പൗഡർ കലക്കിവച്ച് അല്പ സമയത്തിനു ശേഷം തെളിവെള്ളമായി ലഭിക്കുന്ന ബ്ളീച്ചിംഗ് പൗഡർ ലായനിയാണ് ശുചിയാക്കാൻ ഉപയോഗിക്കേണ്ടത്. ഉത്സവങ്ങൾ, ധ്യാനങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവർക്കാവശ്യമായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഉച്ചഭാഷിണികൾ വഴി നൽകും. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനു വർഗ്ഗീസ്, ഡോ. സൈറു ഫിലിപ്പ്, വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 അറിയിപ്പുകൾ ബസുകളിലും

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടർ എം.അഞ്ജന ജില്ലയിലെ വിവിധ ദീർഘദൂര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ആരോഗ്യ വകുപ്പിൽ നിന്നും ജില്ല ഭരണകൂടത്തിൽ നിന്നും നൽകുന്ന ബോധവത്കരണ വീഡിയോകളും, അറിയിപ്പുകളും ബസിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ബസുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യണമെന്നും നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി ആലപ്പി ഡിസാസ്റ്റർ റിലീഫ് ഫോഴ്സിലെ 150 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട് പരിശീലനം ലഭിച്ച ഇവർ വഴി പൊതുജനങ്ങൾക്കിടയിലെ ബോധവത്കരണം കൂടുതൽ ശക്തമാക്കും.


 ഐസൊലേഷനിൽ 81 പേർ

ജില്ലയിൽ 81 പേർ ഐസൊലേഷനിൽ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 32 പേർ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയവരാണ്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ള ഒമ്പത് പേരും ഇതിലുൾപ്പെടും. ഇന്ന് 13 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നു എത്തിയവർ വീടുകളിൽ 14 ദിവസം ഐസൊലേഷനിൽ നിർബന്ധമായും കഴിയേണ്ടതാണ്.