ആലപ്പുഴ: കടുത്ത വേനലിലും വെള്ളക്കെട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് നെഹ്റുട്രോഫി വാർഡിൽ ഗിരിരാജൻചിറ നിവാസികൾ കുടിക്കാൻ ശുദ്ധജലം ഇല്ലെങ്കിലും പ്രദേശത്തെ വീടുകൾക്ക് ചുറ്റും ഒരടിയോളം വെള്ളം കെട്ടിക്കിടക്കുകയാണ്. ഇൗ വെള്ളക്കെട്ട് ഒഴിവാക്കി കിട്ടാൻ നിവേദനവുമായി പ്രദേശവാസികൾ അധികൃതരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഭഗവതിപ്പാടത്ത് കൃഷി ആവശ്യത്തിനായി അധികമായി വെള്ളം കയറ്റുന്നതാണ് ഗിരിരാജൻചിറയിലെ വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫിനിഷിംഗ് പോയിന്റിന് ഇക്കരെയാണ് ഗിരിരാജൻ ചിറ. താഴ്ന്നപ്രദേശമായ ഇവിടം പാടത്ത് കൃഷി ഇല്ലെങ്കിൽ വാസയോഗ്യമല്ല. ഫെബ്രുവരി ആദ്യവാരമാണ് കായലിൽ നിന്ന് പാടത്ത് വെള്ളം കയറ്റിയത്. ഇൗ പ്രദേശത്തെ ആറ് വീട്ടുകാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. രണ്ടാംകൃഷി നടക്കുന്ന ജൂലായ് വരെ വെള്ളപ്പൊക്കം തുടരും. പ്രളയത്തിന് സമാനമായ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. സാംക്രമിക രോഗങ്ങൾ കാരണം പ്രദേശവാസികൾ ദിനംപ്രതി ആശുപത്രികളിൽ അഭയം തേടുകയാണ്. കഴിഞ്ഞ കൃഷി നാശത്തെ തുടർന്ന് ഇത്തവണ പുഞ്ചകൃഷി പാടത്ത് നടത്താതിരുന്നതാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.
മീൻപിടിത്തക്കാർക്ക് കോള്
ഭഗവതിപ്പാടത്ത് വെള്ളം കയറ്റുന്നത് മത്സ്യബന്ധനത്തൊഴിലാളികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കായലിൽ നിന്ന് പാടത്തേക്ക് വെള്ളം കയറ്റിയപ്പോൾ മീനുകൾ ധാരാളം ഒഴുകി എത്തി. മത്സ്യബന്ധന തൊഴിലാളികൾക്ക് ഒരു ദിവസം 4000 രൂപയുടെ മീൻ വരെ ലഭിക്കുന്നുണ്ട്.
................
'' ഗിരിരാജൻചിറ നിവാസികൾ ദുരിത ജീവിതമാണ് നയിക്കുന്നത്. കൃഷി ഇല്ലാത്ത സമയങ്ങളിൽ ആറ് വീടുകളിൽ വെള്ളം കയറും. പാടശേഖരസമിതിയോട് ഇക്കാര്യം സംസാരിച്ചതാണ്. ഒന്നെങ്കിൽ പ്രദേശവാസികൾക്ക് വേണ്ടി അധികൃതർ സംരക്ഷണഭിത്തി കെട്ടി ഉയർത്തണം. അല്ലെങ്കിൽ, ഇൗ വീട്ടുകാരെ സർക്കാർ ഇടപ്പെട്ട് മാറ്റി താമസിപ്പിക്കണം
(ഡി.സലീംകുമാർ,നെഹ്റുട്രോഫി കൗൺസിലർ)
.......
'' വർഷങ്ങളായി ഞങ്ങൾ ഇൗ ദുരിതം അനുഭവിക്കുന്നു. കളക്ടർക്ക് ഡിസംബർ 18 ന് നിവേദനം നൽകിയതാണ്. ഇൗയിടെ അന്വേഷിച്ചപ്പോൾ കളക്ടർ ഇടപ്പെട്ട് കൃഷിഭവനിലെ ഒാഫീസർക്ക് പരാതി ഫോർവേഡ് ചെയ്തെന്ന് അറിഞ്ഞും. ഇതുവരെ ഒരു ഉദ്യോഗസ്ഥനും ഇവിടുത്തെ പ്രശ്നം തിരക്കിയെത്തിയിട്ടില്ല.
(ബിന്ദു,പ്രദേശവാസി)